News - 2024

ഇസ്ലാമിക സൂക്തങ്ങള്‍ ചൊല്ലിയില്ല: കെനിയയില്‍ ക്രൈസ്തവരടക്കം 13 അമുസ്ലിംങ്ങളെ കൊലപ്പെടുത്തി

സ്വന്തം ലേഖകന്‍ 14-07-2017 - Friday

നെയ്റോബി: സൊമാലിയ കേന്ദ്രമായുള്ള അല്‍ ഷബാബ് തീവ്രവാദികള്‍ കെനിയയിലെ ലാമു കൗണ്ടിയിലെ തീരദേശവാസികളായവരെ ആക്രമിച്ചു ക്രൈസ്തവരടക്കം 13 പേരെ ക്രൂരമായി കൊലപ്പെടുത്തി. ക്രൈസ്തവടക്കമുള്ള അമുസ്ലീംങ്ങളോട് ഇസ്ളാമിക സൂക്തങ്ങള്‍ ഉരുവിടുവാന്‍ തീവ്രവാദികള്‍ ആവശ്യപ്പെടുകയും അതിനു കഴിയാത്തവരെ കൊലപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം 'മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞവെള്ളിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച ആക്രമണം ഞായറാഴ്ച വരെ നീണ്ടു നിന്നു. ലാമു കൗണ്ടിയിലെ പണ്ടന്‍ഗുവൊ ഗ്രാമവാസികളായ മുസ്ലീംകളാണ് തീവ്രവാദികള്‍ക്ക് ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കാണിച്ചുകൊടുത്തതെന്ന് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ മോര്‍ണിംഗ് സ്റ്റാറിനോട് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ജീമ ഗ്രാമത്തില്‍ ആരംഭിച്ച ആക്രമണം ശനിയാഴ്ച രാവിലെയായപ്പോഴേക്കും ക്രൈസ്തവരടക്കം ഒമ്പതോളം അമുസ്ലിംങ്ങളെ ഭീകരര്‍ കൊലപ്പെടുത്തിക്കഴിഞ്ഞിരുന്നു. അതിനുശേഷം സൊമാലിയന്‍ സര്‍ക്കാറുമായി പോരാടി കൊണ്ടിരിക്കുന്ന അല്‍ ഷബാബ് തീവ്രവാദികളുടെ ഒളിസാങ്കേതമായ ബോനി വനത്തില്‍ നിന്നും അധികം ദൂരെയല്ലാത്ത കിപ്പിനി ഗ്രാമത്തിലെ നാല് ക്രിസ്ത്യാനികളേയും ഭീകരര്‍ കൊലപ്പെടുത്തുകയായിരിന്നു.

ചിലരെ വെടിവെച്ചും, ചിലരെ വാള്‍കൊണ്ട് വെട്ടിയും മറ്റ് ചിലരെ കഴുത്തറത്തുമാണ് കൊലപ്പെടുത്തിയതെന്ന്‍ റിപ്പോര്‍ട്ടുണ്ട്. തങ്ങള്‍ക്ക് നേരെയുള്ള തുടരെതുടരെയുള്ള ആക്രമണങ്ങളില്‍ പ്രദേശവാസികളായ ക്രിസ്ത്യാനികള്‍ ഭീതിയിലാണ്. പലരും ഇതിനോടകം തന്നെ പ്രാണരക്ഷാര്‍ത്ഥം തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. പലരേയും ഇനിയും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരുവാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട അധികാരികള്‍ പറഞ്ഞു.

തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്ന ഗ്രാമവാസികളായ മുസ്ലീംകളെ പിടികൂടണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നുകഴിഞ്ഞു. ആക്രമണമുണ്ടായ ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും, പ്രാണരക്ഷാര്‍ത്ഥം പലരും പോലീസ് സ്റ്റേഷനുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.

അതേ സമയം ലാമു, ടാന റിവര്‍, ഗരീസ്സ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്ടിംഗ് ഇന്റീരിയര്‍ സെക്രട്ടറി ഫ്രെഡ് മാടിയാങ്ങി മൂന്ന്‍ മാസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍-ക്വയിദയുമായി ബന്ധമുള്ള അല്‍ ഷബാബ് തീവ്രവാദികള്‍ക്കെതിരെ കൊറിയന്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ആഫ്രിക്കന്‍ മുന്നണി 2011-ല്‍ പോരാട്ടമാരംഭിച്ചതോടെ കെനിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് പുറത്തിറക്കിയ ഏറ്റവും കടുത്ത മതപീഡനം നേരിടുന്ന രാജ്യങ്ങളില്‍ പതിനെട്ടാം സ്ഥാനമാണ് കെനിയക്കുള്ളത്.


Related Articles »