News - 2025

ചൈനയില്‍ ഞായറാഴ്ച മതബോധന ക്ലാസുകള്‍ ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ നീക്കം

സ്വന്തം ലേഖകന്‍ 24-07-2017 - Monday

ഹാങ്ങ്സു, സേജിയാംഗ്: ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത ക്രിസ്ത്യന്‍ സഭയുടെമേലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിടിമുറുക്കുന്നു. കിഴക്കന്‍ ചൈനയിലെ സേജിയാംഗ് പ്രവിശ്യാധികാരികള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുകള്‍ പ്രകാരം ക്രിസ്ത്യാനികള്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ഞായറാഴ്ചതോറുമുള്ള മതബോധന ക്ലാസ്സുകളും, വേനല്‍ക്കാല പഠനശിബിരങ്ങളും നിരോധിച്ചുകൊണ്ടുള്ള നിര്‍ദ്ദേശമാണ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ ക്രിസ്ത്യാനികളുടെ മതസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ 'ചൈനാ എയിഡ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മതപരമായ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും കുട്ടികളെ വിലക്കുന്നത് അവരെ ദൈവ വിശ്വാസത്തില്‍ അകറ്റുക എന്ന ചൈനീസ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കുറേക്കാലമായി കുട്ടികള്‍ക്കും, യുവാക്കള്‍ക്കും മതപരമായ പരിപാടികളില്‍ പങ്കെടുക്കുവാന്‍ അനുവാദമില്ലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ചൈനയില്‍ മുന്‍ പ്രസിഡന്റുമാരായ ജിയാംഗ് സെമിന്‍, ഹൂ ജിന്താവോ എന്നിവരുടെ കാലത്ത് സുവിശേഷ പ്രഘോഷണത്തിനും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കും വിലക്കില്ലായിരുന്നു. എന്നാല്‍ സീ ജിന്‍പിംഗ് അധികാരത്തില്‍ വന്നതിനു ശേഷം മതത്തിന്റെ മേല്‍ സര്‍ക്കാറിന്റെ നിയന്ത്രണം ശക്തമായിരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള 20,000 ത്തോളം കുടുംബക്കൂട്ടായ്മാ അംഗങ്ങള്‍ സര്‍ക്കാര്‍ അംഗീകൃത സഭയില്‍ ചേരണമെന്ന് ഹേനാന്‍ പ്രവിശ്യയിലെ നാന്യാങ്ങ് മുനിസിപ്പാലിറ്റിയിലെ റിലീജിയസ് ബ്യൂറോ അധികാരികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഈ രണ്ട് വിഭാഗങ്ങളേയും ഒന്നിപ്പിക്കുന്നത് ക്രിസ്ത്യന്‍ സഭകളുടെ മേല്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കുവാനും, മതസ്വാതന്ത്ര്യത്തെ നിരസിക്കുവാനുമാണെന്നാണ് വിശ്വാസികളുടെ അഭിപ്രായം. ഇതിനെ ശരിവെച്ചു കൊണ്ട് മതപരമായ പരിപാടികള്‍ നടത്തുന്നതിനു മുന്‍പ് അനുവാദം നേടിയിരിക്കണമെന്ന് അംഗീകൃതസഭകളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ക്രിസ്തുമതത്തിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയില്‍ സര്‍ക്കാരിനുള്ള ആശങ്കയാണ് പുതിയ ഉത്തരവുകള്‍ സൂചിപ്പിക്കുന്നത്.


Related Articles »