News

ബൈബിളിലെ ജെറുസലേം ദേവാലയത്തിന്റെ തകര്‍ച്ച സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ 28-07-2017 - Friday

ജറുസേലം: ബൈബിളിലെ പഴയനിയമത്തിലെ രാജാക്കന്‍മാരുടെ പുസ്തകത്തില്‍ ജറുസേലം ദേവാലയത്തെ കുറിച്ചുള്ള വിവരണം ചരിത്രസത്യമാണെന്ന് ഇസ്രായേലി പുരാവസ്തുഗവേഷകര്‍. ജെറുസലേം ദേവാലയം യാഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നുവെന്നും, ബാബിലോണിയന്‍ ആക്രമണത്തിലാണ് ദേവാലയം തകര്‍ക്കപ്പെട്ടതെന്നും സ്ഥിരീകരിക്കുന്ന തെളിവുകളുമായാണ് ഇസ്രായേലി പുരാവസ്തുഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഡോ. ജോ ഉസിയേലിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി (IAA) ജെറുസലേമിലെ സിറ്റി ഓഫ് ഡേവിഡ് നാഷണല്‍ പാര്‍ക്കില്‍ നടത്തിയ ഉദ്ഘനനത്തിലാണ് പുതിയ തെളിവുകള്‍ കണ്ടെത്തിയത്.

ഈജിപ്തില്‍ നിര്‍മ്മിതമായ ആനക്കൊമ്പുകൊണ്ടുള്ള പ്രതിമ, സീലുചെയ്തിട്ടുള്ള പൊട്ടിയ കളിമണ്‍ പാത്രങ്ങള്‍ തുടങ്ങിയവയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സീലുകള്‍ ആദ്യ ദേവാലയത്തിന്റെ നാശത്തിനുമുന്‍പുള്ള രാജാക്കന്‍മാര്‍ ഉപയോഗിച്ചിരുന്നവയാണെന്ന് ഗവേഷണത്തിന്റെ കോ-ഓര്‍ഡിനേറ്ററായ ഓര്‍ട്ടാല്‍ ചലാഫ് പറഞ്ഞു. പുരാവസ്തുക്കളില്‍ മിക്കവയും മരക്കരികൊണ്ട് മറഞ്ഞുകിടന്നിരുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. നെബുക്കദ്നെസ്സാറിന്റെ കീഴില്‍ ബാബിലോണിയക്കാര്‍ ജെറുസലേം ആക്രമിച്ചതിനെക്കുറിച്ചാണ് ബൈബിളിലെ 2 രാജാക്കന്മാരുടെ പുസ്തകത്തില്‍ വിവരിക്കുന്നത്.

രണ്ടുവര്‍ഷത്തോളം ഉപരോധമേര്‍പ്പെടുത്തിയതിനുശേഷമാണ് അവര്‍ നഗരത്തെ ചുട്ടുചാമ്പലാക്കിയത്. ബൈബിളില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച്, നെബുക്കദ്നെസ്സാറിന്റെ പത്തൊന്‍പതാം ഭരണവര്‍ഷം അവന്റെ അംഗരക്ഷകന്‍മാരുടെ നേതാവായ നെബുസരദാന്‍ ജെറുസലേമില്‍ വന്നു കര്‍ത്താവിന്റെ ആലയവും രാജകൊട്ടാരവും, വീടുകളും അഗ്നിക്കിരയാക്കി. മാളികകള്‍ കത്തിച്ചാമ്പലായി. അവനോടുകൂടെയുണ്ടായിരുന്ന കല്‍ദായ സൈന്യം ജെറുസലേമിന് ചുറ്റുമുള്ള കോട്ടത്തകര്‍ക്കുകയും ചെയ്തു (2 രാജാക്കന്‍മാര്‍ 25:8-11).

ഹീബ്രു കലണ്ടറനുസരിച്ച് Av മാസത്തിലാണ് (തിഷാ B’ Av) ജെറുസലേമിലെ ആദ്യദേവാലയം അഗ്നിക്കിരയായത്. അന്നുമുതല്‍ ജൂതന്‍മാര്‍ ഈ ദിവസം വിലാപദിവസമായി ആചരിച്ചുവരുകയാണ്. പഴയ യൂദാരാജ്യത്തിന്റെ തലസ്ഥാനമായ ജെറുസലേമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുതിയ കണ്ടെത്തലില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി അധികൃതര്‍. 'ബ്രേക്കിംഗ് ഇസ്രായേല്‍ ന്യൂസാ'ണ് കണ്ടെത്തല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Related Articles »