News - 2024

ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആസ്ഥാനത്ത് നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫെമിനിസ്റ്റ് സംഘടന

സ്വന്തം ലേഖകന്‍ 28-07-2017 - Friday

മെക്സിക്കോ സിറ്റി: ജൂലൈ 25-ന് മെക്സിക്കൻ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആസ്ഥാനത്ത് നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം തീവ്രആശയങ്ങളുള്ള സ്ത്രീസ്വാതന്ത്ര്യവാദ സംഘടന (Feminist Group) ഏറ്റെടുത്തു. ‘ഇന്‍ഫോര്‍മല്‍ ഫെമിനിസ്റ്റ് കമാന്‍ഡ് ഫോര്‍ ആന്റി-അതോറിറ്റേറിയന്‍ ആക്ഷന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഫെമിനിസ്റ്റ് സംഘടനായാണ്‌ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് കോണ്‍ട്രാ ഇന്‍ഫോ എന്ന വെബ്സൈറ്റില്‍ പോസ്റ്റ്‌ ചെയ്ത പ്രസ്താവനയിലൂടെയാണ് സ്ഫോടനത്തിന്റെ പിന്നിലുള്ള ഉത്തരവാദിത്വം ഇവര്‍ വെളിപ്പെടുത്തിയത്.

'നിങ്ങളുടെ ദൈവത്തിന്റെ പേരിലുള്ള എല്ലാ പീഡനങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും വേണ്ടിയുള്ള ആക്രമണ'മാണ് നടത്തിയതെന്ന് സംഘടന പ്രസ്താവനയില്‍ കുറിച്ചു. ഡൈനാമിറ്റ്, എല്‍‌പി ഗ്യാസ്, ബൂട്ടെയിന്‍ തുടങ്ങിയവ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സ്വയം നിര്‍മ്മിച്ച ബോംബാണ് സ്ഫോടനത്തിനു ഉപയോഗിച്ചതെന്നും പ്രസ്താവനയിലുണ്ട്. തങ്ങള്‍ വിപ്ളവകാരികളും, പ്രമാണിത്വത്തിനെതിരായി നിലകൊള്ളുന്നവരും, സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരുമാണെന്നും പ്രസ്താവനയില്‍ ഫെമിനിസ്റ്റ് സംഘടന വെളിപ്പെടുത്തി. ജൂലൈ 25 പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ ഓഫീസിന്റെ മുഖ്യകവാടവും ജനാലകളും തകര്‍ന്നിരിന്നു.

ഫെമിനിസ്റ്റ് സംഘടനകളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കഥകള്‍ ഇതിനുമുന്‍പും കോണ്‍ട്രാ ഇന്‍ഫോ എന്ന വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ സഭയെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തിയല്ലെന്നും, നിലവില്‍ മെക്സിക്കോയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിന്റെ ഒരു സൂചനമാത്രമാണിതെന്നും മെത്രാന്‍ സമിതി പറഞ്ഞു. അതേ സമയം കത്തോലിക്കാ സഭക്കും, പുരോഹിതര്‍ക്കും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ മെക്സിക്കന്‍ ഭരണകൂടം ശ്രദ്ധപതിപ്പിക്കണമെന്ന ആവശ്യം രാജ്യത്തുയരുന്നുണ്ട്.


Related Articles »