News - 2024
യേശുവിനെ പ്രഘോഷിക്കുകയെന്നത് നിത്യവും ചെയ്യേണ്ട കടമ: ആര്‍ച്ച് ബിഷപ്പ് ലൂയിസ് ടാഗ്ലേ
സ്വന്തം ലേഖകന്‍ 29-07-2017 - Saturday
മനില: യേശുവിനേയും അവിടുത്തെ സുവിശേഷത്തേയും പ്രഘോഷിക്കുക എന്നത് നിത്യവും ചെയ്യേണ്ട കടമയാണെന്ന്‍ മനിലയിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേ. നാലാമത് ഫിലിപ്പീന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ന്യൂ ഇവാഞ്ചലൈസേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന സഭയുടെ പ്രതിനിധികളെന്ന നിലയില്‍ പുരാതന ക്രിസ്ത്യാനികളെപ്പോലെ, ഫിലിപ്പീന്‍സിലെ ക്രൈസ്തവര്‍ ദരിദ്രരുടേയും, സഹകരണത്തിന്റേയും, പ്രേഷിതപ്രവര്‍ത്തനത്തിന്റേയും പ്രതിനിധികളായി വര്‍ത്തിക്കണമെന്നും കര്‍ദ്ദിനാള്‍ ടാഗ്ലേ തന്റെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. കാരുണ്യവര്‍ഷത്തിന്റെ സമാപനത്തിനു ശേഷം 2017-നെ ഇടവകകളുടെ വര്‍ഷമായി ആചരിക്കുവാന്‍ ഫിലിപ്പീന്‍സിലെ മെത്രാന്‍ സമിതി തീരുമാനിച്ചിരുന്നു.
ഇതിന്റെ ആഘോഷമെന്ന നിലയിലാണ് ഇന്നലെ (ജൂലൈ 28) മുതല്‍ നാളെ (ജൂലൈ 30) വരെ സാന്റോ ടോമസ് സാന്റോ ടോമസ് യൂണിവേഴ്സിറ്റിയില്‍ കോണ്‍ഫറന്‍സ് നടക്കുന്നത്. “ഒരു ഹൃദയവും, ഒരു ആത്മാവും”മെന്ന ബൈബിള്‍ വാക്യമാണ് (അപ്പസ്തോ: 4:32) . കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രമേയം. മെത്രാന്‍മാര്‍, പുരോഹിതര്‍, കന്യാസ്ത്രീകള്‍, അത്മായര്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏതാണ്ട് 6,000-ത്തോളം പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ഐക്യത്തിന്റെ ഉറവിടമായ യേശുവുമായി ഒരു അഗാധ ബന്ധം സ്ഥാപിക്കുവാന്‍ സഹായിക്കുക എന്നതാണ് കോണ്‍ഫറന്‍സിന്റെ മുഖ്യ ലക്ഷ്യമെന്ന്‍ ഫിലിപ്പീന്‍സ് കോണ്‍ഫ്രന്‍സ് ഓണ്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ വക്താക്കള്‍ വ്യക്തമാക്കി. നമ്മുടെ ഇടയില്‍ ഒരുപാട് വിഭാഗീയതയുള്ളപ്പോള്‍ 'ഒരേ മനസ്സോടും ഒരേ അത്മാവോടും' കൂടെയുള്ള ഐക്യത്തെക്കുറിച്ച് സംസാരിക്കുവാന്‍ നമുക്കെപ്രകാരം കഴിയും? ദാരിദ്ര്യം, സഹനം എന്നിവക്കിടയില്‍ എപ്രകാരം യേശുവിനെ കണ്ടെത്തുവാന്‍ കഴിയും? തുടങ്ങീ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും കോണ്‍ഫറന്‍സില്‍ നിന്നും ലഭിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.