News - 2025
ആയിരത്തിലധികം വൈദികരുടെ ഗ്രാന്‍ഡ് കോണ്‍ഫറന്‍സിന് സെഹിയോനില്‍ തുടക്കം
സ്വന്തം ലേഖകന്‍ 31-07-2017 - Monday
പാലക്കാട്: ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ രൂപതകളിൽ നിന്നായി പതിനഞ്ചോളം ബിഷപ്പുമാരും ആയിരത്തിലധികം വൈദികരും പങ്കെടുക്കുന്ന വൈദികരുടെ ഗ്രാൻഡ് കോണ്‍ഫറൻസിന് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ തുടക്കമായി. ഇന്നലെ വൈകുന്നേരം ആറിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലി അർപ്പണത്തോടെയാണ് ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ഗ്രാൻഡ് കോണ്‍ഫറൻസിന് ഒൗദ്യോഗിക തുടക്കമായത്.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റും സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ബസേലിയസ് മാർ ക്ളീമീസ്, ബിഷപ്പ് മാർ വർഗീസ് ചക്കാലയ്ക്കൽ, ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, ബിഷപ്പ് സാമുവേൽ മാർ ഐറേനിയസ്, ബിഷപ്പ് മാർ റാഫേൽ തട്ടിൽ, തുടങ്ങി നിരവധി മെത്രാൻമാരും മഹാസംഗമത്തിൽ പങ്കെടുക്കും.
റവ ഫാ സേവ്യർ ഖാൻ വട്ടായിൽ വൈദികരുടെ മഹാസംഗമത്തിന് നേതൃത്വം നല്‍കും. പോട്ട ഡിവൈൻ ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടറും കരിസ്മാറ്റിക് നവോത്ഥാന ശില്പിയുമായ റവ ഫാ മാത്യു നായ്ക്കംപറമ്പിൽ, അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ ഫാ ബിനോയ് കരിമരുതുംകൽ, സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ ഫാ സോജി ഓലിക്കൽ,സെഹിയോൻ ധ്യാനകേന്ദ്രത്തിലെ റവ ഫാ റെനി പുല്ലുകാലായിൽ, ശാലോം മാധ്യമ ശുശ്രൂഷകളുടെ ചീഫ് എഡിറ്റർ ബ്രദർ ബെന്നി പുന്നത്തറ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. ഓഗസ്റ്റ് നാലുവരെയാണ് ഗ്രാൻഡ് കോണ്‍ഫറന്‍സ് നടക്കുന്നത്.