News - 2025
ഏഷ്യന്‍ യുവജനസംഗമം: ഇന്തോനേഷ്യയിലേക്ക് യുവജനങ്ങളുടെ പ്രവാഹം
സ്വന്തം ലേഖകന്‍ 01-08-2017 - Tuesday
യോഗ്യാകര്‍ത്ത: ഏഷ്യന്‍ മേഖലയിലെ കത്തോലിക്കാ യുവജനങ്ങളുടെ ഏഴാമത്തെ ഉച്ചകോടിയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും യുവജനപ്രവാഹം. നിലവില്‍ ഇന്ത്യ, മ്യാന്‍മര്‍, വിയറ്റ്നാം, സിംഗപ്പൂര്‍, മംഗോളിയ, ഫിലിപ്പീന്‍സ്, ഹോംങ്കോങ്ങ്, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് യുവജനങ്ങളാണ് ഇന്തോനേഷ്യയില്‍ എത്തിചേര്‍ന്നിരിക്കുന്നത്. ഇന്ത്യ, മ്യാന്‍മര്‍, ഇന്തോനേഷ്യയിലെ വെസ്റ്റ് കാളിമന്റനിലെ നാല് രൂപതകളില്‍ നിന്നുമുള്ളവരേയും സ്വാഗതം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം രാത്രിയില്‍ പോണ്ടിയാനാക്കിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന നടന്നു.
ഇന്തോനേഷ്യന്‍ ബിഷപ്പ്സ് യൂത്ത് കമ്മീഷന്റെ പ്രസിഡന്റും, കേടാപാങ്ങിലെ മെത്രാനുമായ മോണ്‍സിഞ്ഞോര്‍ റിയാന പ്രപ്ടി മുഖ്യകാര്‍മ്മികത്വം വഹിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ മോണ്‍സിഞ്ഞോര്‍ അഗസ്റ്റീനസ് അഗസ് ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. യുവജനങ്ങള്‍ തിരുസഭയുടെ ഹൃദയമാണെന്നും കത്തോലിക്കാ സഭയുടെ ഭാവി യുവജനങ്ങളുടെ കൈകളിലാണെന്നും മോണ്‍സിഞ്ഞോര്‍ റിയാന പ്രപ്ടി പറഞ്ഞു.
വിയറ്റ്‌നാം, സിംഗപ്പൂര്‍, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്തോനേഷ്യയിലെ അടംബുവ, കുപാങ്ങ്, മലാങ്ങ് തുടങ്ങിയ രൂപതകളില്‍ നിന്നുമുള്ളവര്‍ മലാങ്ങ് രൂപതയിലാണ് ഒന്നിച്ചു കൂടിയത്. മോണ്‍സിഞ്ഞോര്‍ ഹെന്രിക്കൂസ് നയിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ ആയിരത്തോളം ആളുകളാണ് പങ്കെടുത്തത്. വിശുദ്ധ കുര്‍ബാനക്കു ശേഷം പാട്ടും, നൃത്തവുമായാണ് യുവജനങ്ങള്‍ സെന്റ് ആല്‍ബര്‍ട്ടൂസ് ഡെമ്പോ ഹൈസ്കൂളിലേക്ക് കാല്‍നടയായി മടങ്ങിയത്.
ഹോംങ്കോങ്ങ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള യുവജനങ്ങള്‍ക്ക് ബൊഗോറിലാണ് (പടിഞ്ഞാറന്‍ ജാവ) സ്വീകരണമൊരുക്കിയിരുന്നത്. മെത്രാനായ മോണ്‍സിഞ്ഞോര്‍ പക്ഷാലിസ്, മോണ്‍സിഞ്ഞോര്‍ മൈക്കേല്‍ കൊസ്മാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ (FABC) അംഗീകാരത്തോടെ അഡ്‌വൈസര്‍ ഓഫ് കത്തോലിക്ക് യൂത്ത് ഓഫ് ഏഷ്യ, യൂത്ത് ഡെസ്ക് ഓഫ് ലെയിറ്റി, ഫാമിലി ഓഫീസ് തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് യുവജന സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.