News - 2025
ലെബനോനിലെ ക്രൈസ്തവ ദേവാലയങ്ങള്‍ പുനരുദ്ധരിക്കുവാന്‍ സഹായവുമായി ഹംഗറി
സ്വന്തം ലേഖകന്‍ 02-08-2017 - Wednesday
ബുഡാപെസ്റ്റ്: രൂക്ഷമായ അക്രമങ്ങള്‍ നടക്കുന്ന ലെബനോനില്‍, തകര്‍ന്ന ക്രൈസ്തവ ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിനായി ഹംഗേറിയന്‍ ഗവൺമെന്റിന്റെ സാമ്പത്തിക സഹായം. ലെബനോനിലെ മുപ്പത്തിയൊന്ന് ദേവാലയങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായാണ് മദ്ധ്യയൂറോപ്യൻ രാജ്യമായ ഹംഗറി രംഗത്ത് വന്നിട്ടുള്ളത്. രാജ്യത്തെ ക്രൈസ്തവര്‍ക്ക് പ്രത്യാശ നല്‍കുന്നതാണ് ഹംഗേറിയന്‍ ഗവണ്‍മെന്‍റിന്റെ പുതിയ ഉദ്യമം.
ബെയ്റൂട്ടിലെ ഹംങ്കേറിയൻ എംബസിയും ഹങ്കേറിയൻ കത്തോലിക്കാ യൂണിവേഴ്സിറ്റിയുടേയും നേതൃത്വത്തിലാണ് സാമ്പത്തിക സഹായം നല്‍കുന്നത്. നാല് ലക്ഷത്തോളം യുഎസ് ഡോളറാണ് ബുഡാപെസ്റ്റ് ഓർത്തഡോക്സ് ദേവാലയ പുനരുദ്ധാരണത്തിനായി മാറ്റി വച്ചിരിക്കുന്നത്. മോസ്കോ പാത്രിയാർക്കീസിന്റെ വസ്തുവകകൾ വീണ്ടെടുക്കാൻ തൊണ്ണൂറ് ലക്ഷത്തോളം യു.എസ് ഡോളർ വകയിരുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
കിഴക്കൻ മേഖലയിലെ ക്രൈസ്തവരെ പുനഃരുദ്ധരിക്കാൻ മുന്നോട്ട് വന്ന രാജ്യമാണ് ഹംഗറി. ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ ഉന്നമനത്തിനായി 145 ദശലക്ഷം ഫോറിന്റ്സിന്റെ ($ 5,25,000) സഹായമാണ് ഹംഗറി നേരത്തെ നല്‍കിയത്. യൂറോപ്യന്‍ സംഘടനകള്‍ ആഗോള തലത്തിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ഹംഗേറിയന്‍ പ്രധാനമന്ത്രിയായ വിക്ടര്‍ ഓര്‍ബാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.