News - 2025
ദിവ്യബലിയ്ക്കിടെ കുത്തേറ്റ മെക്സിക്കന്‍ വൈദികന്‍ മരിച്ചു
സ്വന്തം ലേഖകന്‍ 04-08-2017 - Friday
മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയിലെ ദേവാലയത്തില്‍ ദിവ്യബലി മധ്യേ കുത്തേറ്റതിനെ തുടര്‍ന്നു ചികിത്സയിലായിരിന്ന വൈദികന്‍ മരിച്ചു. ഫാ. മിഗുവേല്‍ ഏഞ്ചല്‍ മക്കോറോ എന്ന വൈദികനാണ് ഇന്നലെ മരിച്ചത്. മെയ് 15നാണ് വൈദികനു കുത്തേറ്റത്. മെത്രാപോളീറ്റന്‍ കത്തീഡ്രല്‍ പള്ളിയിൽ ദിവ്യബലിയര്‍പ്പിച്ച് കൊണ്ടിരിന്ന വൈദികന് നേരെ കത്തിയുമായി വന്ന അക്രമി കഴുത്തിൽ കുത്തി മുറിവേൽപിക്കുകയായിരുന്നു.
തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ജൂണ്‍ അവസാനം വരെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരിന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി സഹോദരന്റെ പരിചരണത്തിലായിരുന്നു. അധികം വൈകാതെ തന്നെ രോഗബാധിതനായതിനെ തുടര്‍ന്നു ഹോസ്പിറ്റലില്‍ വീണ്ടും പ്രവേശിപ്പിച്ചു. തുടര്‍ന്നു ഇന്നലെ (ഓഗസ്റ്റ് മൂന്ന്) അദ്ദേഹം മരണമടയുകയായിരിന്നു. അക്രമിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരിന്നു.
വൈദികന്റെ മരണത്തില്‍ മെക്സിക്കന്‍ സഭ ദുഃഖം രേഖപ്പെടുത്തി. അതേ സമയം പുരോഹിതർക്കു നേരെയുള്ള ആക്രമണങ്ങള്‍ രാജ്യത്തു തുടരുകയാണ്. കഴിഞ്ഞ മാസം ആരംഭത്തില്‍ മെക്സിക്കോ സിറ്റിയിലെ മറ്റൊരു വൈദികന്‍ കുത്തേറ്റ് കൊല്ലപ്പെട്ടിരിന്നു. കത്തോലിക്ക സഭയ്ക്ക് ശക്തമായ വേരോട്ടമുള്ള മെക്‌സിക്കോയില്‍ 2006 മുതലുള്ള കാലയളവില്‍ 32 വൈദികര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.