News - 2025

മാര്‍പാപ്പ പ്രഖ്യാപിച്ച പുതിയ നാമകരണ നടപടി: ജെസ്യൂട്ട് സെമിനാരി വിദ്യാര്‍ത്ഥി വിശുദ്ധപദവിയിലേക്ക്

സ്വന്തം ലേഖകന്‍ 07-08-2017 - Monday

മനില: കംബോഡിയന്‍ വിദ്യാർത്ഥികളെ ഗ്രനേഡിൽ നിന്നും സംരക്ഷിക്കുന്നതിനിടയിൽ മരണമടഞ്ഞ ജെസ്യൂട്ട് സെമിനാരി വിദ്യാര്‍ത്ഥി റിച്ചാര്‍ഡ് ഫെർണാണ്ടോയെ (റിച്ചി) വിശുദ്ധ പദവിയിലേക്കുയർത്തുന്ന നടപടികൾ ആരംഭിച്ചു. മറ്റുള്ളവരെ രക്ഷിക്കുന്നതിനിടയിൽ ജീവത്യാഗം ചെയ്തവരെ വിശുദ്ധരാക്കുമെന്ന ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പുതിയ മാര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തിലാണ് നാമകരണ നടപടികള്‍ ആരംഭിച്ചത്.

1995 ൽ ജെസ്യൂട്ട് മിഷൻ പ്രവർത്തനങ്ങളുമായി കംബോഡിയയിൽ എത്തിയ ബ്ര. റിച്ചി ഫെർണാണ്ടോ പോളിയോ, കുഴിബോംബ് തുടങ്ങിയവ മൂലം വൈകല്യം ബാധിച്ചവരെ ശുശ്രൂഷിക്കുന്ന ദൗത്യത്തിലാണ് ഏർപ്പെട്ടത്. കംബോഡിയൻ ഭാഷ പഠിച്ച ബ്രദർ റിച്ചി വിദ്യാർത്ഥികളോടൊപ്പം സമയം പൂര്‍ണ്ണമായും ചിലവഴിക്കുകയായിരിന്നു. സാരോം എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ഇടപെടലാണ് റിച്ചിയെ മരണത്തിലേക്ക് നയിച്ചത്.

അനാഥനായ സാരോം, പട്ടാളക്കാരനായെങ്കിലും സ്വാഭാവത്തില്‍ അസ്വഭാവികത പ്രകടിപ്പിച്ചിരിന്നു. 1996 ഒക്ടോബർ 17 ന് മിഷൻ സ്കൂൾ സന്ദർശിക്കാനെത്തിയ സരോം തുടർ വിദ്യാഭ്യാസം നടത്താൻ താത്പര്യം പ്രകടിപ്പിച്ചു. അനുവാദം ലഭിക്കാത്തതിനെ തുടർന്ന് കൈയിൽ കരുതിയിരുന്ന ഹാന്റ് ഗ്രനേഡ് വിദ്യാർത്ഥികൾ തിങ്ങി നിറഞ്ഞിരുന്ന ക്ലാസ്സ് റൂമിലേക്ക് വലിച്ചെറിയാനുള്ള ശ്രമത്തെ ബ്രദര്‍ റിച്ചി തടഞ്ഞു. തുടര്‍ന്നു ഗ്രനേഡ് സ്ഫോടനത്തിൽ റിച്ചി മരണപ്പെടുകയായിരിന്നു.

മരണത്തിന് ദിവസങ്ങൾ മുൻപ് ബ്ര. റിച്ചി സുഹൃത്തുക്കൾക്കെഴുതിയ കത്ത് ഏറെ ശ്രദ്ധേയമാണ്. പാവങ്ങൾക്കും രോഗികൾക്കും അനാഥർക്കുമായി ജീവിതം മാറ്റി വച്ച യേശുവിനോടൊപ്പമാണ് എന്റെ ഹൃദയം. വൈകല്യം ബാധിച്ച സഹോദരർക്കിടയിൽ ദൈവത്തിന്റെ ഉപകരണമായി താൻ മാറുകയാണെന്നുമാണ് റിച്ചി കുറിച്ചത്.

1997 ൽ റിച്ചിയുടെ മാതാപിതാക്കൾ സാരോമിന് മാപ്പ് നല്കി കൊണ്ട് കംബോഡിയ രാജാവ് നോറോഡം സിഷാനോക്കിന് കത്ത് എഴുതിയിരിന്നു. ബ്രദര്‍ റിച്ചിയുടെ വിശുദ്ധ പദവിയിലേക്കുള്ള പ്രരാംഭ നടപടികൾ ആരംഭിക്കാനുള്ള അനുമതി ജൂലൈ മുപ്പതിന് ലഭിച്ചുവെന്ന് ഫിലിപ്പീന്‍സ് ജെസ്യൂട്ട് തലവൻ ഫാ. അന്റോണിയോ മൊറേനോ അറിയിച്ചു. റിച്ചാര്‍ഡ് ഫെർണാണ്ടോയുടെ എഴുത്തുകളും, പ്രഭാഷണങ്ങളും അഭിമുഖങ്ങളും കോർത്തിണക്കുകയാണ് സഭയുടെ അടുത്ത ലക്ഷ്യം.


Related Articles »