News - 2024

ചൈനീസ് ബിഷപ്പുമാർ അടുത്തടുത്ത ദിവസങ്ങളില്‍ നിര്യാതരായി

സ്വന്തം ലേഖകന്‍ 16-08-2017 - Wednesday

ബെയ്ജിംഗ്: ലേബര്‍ ക്യാമ്പുകളില്‍ ബന്ധിയാക്കപ്പെട്ട് വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞ ചൈനീസ് ബിഷപ്പുമാർ അടുത്തടുത്ത ദിവസങ്ങളില്‍ ദിവംഗതരായി. ബിഷപ്പ് ലി ജിയാതങ്ങും ബിഷപ്പ് പോൾ സി റ്റിങ്ഗ്സെയുമാണ് തൊട്ടടുത്ത ദിവസങ്ങളിൽ മരണമടഞ്ഞത്. ആഗസ്റ്റ് 13 ന് അന്തരിച്ച ചൈനയിലെ തൈ യുവൻ എമിരറ്റസ് ബിഷപ്പ് ലി ജിയാതങ്ങിന് 93 വയസ്സായിരുന്നു. ഉറുംഖി രൂപതയുടെ അദ്ധ്യക്ഷനായിരിന്ന ബിഷപ്പ് പോൾ സി റ്റിങ്ഗ്സെ ആഗസ്റ്റ് 14 ന് എൺപത്തിയാറാം വയസ്സിലാണ് ദിവംഗതനായത്.

1925-ൽ ജനിച്ച ബിഷപ്പ് ലി 1956-ൽ പുരോഹിതനായി അഭിഷിക്തനായി. തുടർന്ന് 1966 മുതൽ 1980 വരെ ലേബർ ക്യാമ്പിലടയ്ക്കപ്പെട്ടെങ്കിലും അദ്ദേഹം സുവിശേഷ പ്രഘോഷണത്തില്‍ യാതൊരു മടിയും കാണിച്ചിരിന്നില്ല. ദേവാലയങ്ങളിലെ ശുശ്രൂഷകൾക്കു ശേഷം അദ്ദേഹം സെമിനാരി റെക്ടറായും സേവനമനുഷ്ടിച്ചു. പിന്നീട് മെത്രാനായി അഭിഷിക്തനായ ലീ മൈനർ സെമിനാരിയും പരിശുദ്ധ അമ്മയുടെ ഏഴ് വിലാപങ്ങൾ എന്ന നാമധേയത്തിൽ കോൺവെൻറും രൂപതയിൽ സ്ഥാപിച്ചു. 2013 ൽ ആണ് അദ്ദേഹം ഔദ്യോഗിക സ്ഥാനത്ത് നിന്നും വിരമിച്ചത്.

ലൻസോഹുയിൽ ജനിച്ച ബിഷപ്പ് പോൾ 1945 ൽ മൈനർ സെമിനാരിയിൽ ചേർന്നു. ഗവൺമെന്റ് ലേബർ ക്യാമ്പിലടയ്ക്കപ്പെട്ട അദ്ദേഹം അവിടെയും സേവനം തുടരുകയായിരിന്നു. മോചനത്തിനു ശേഷം കിൻജിയാങ്ങിലെ വിശ്വസികളുടെ ഇടയിൽ ഇരുപത് വർഷത്തോളം അദ്ദേഹം സജീവസാന്നിധ്യമായിരിന്നു. നാളെ (ആഗസ്റ്റ് 17) ന് തൈയുവൻ കത്തീഡ്രൽ ദേവാലയത്തിൽ ബിഷപ്പ് ലീയുടെ അനുസ്മരണാര്‍ത്ഥം പ്രത്യേക ബലിയര്‍പ്പണം നടത്തും. തുടർന്ന് ഭൗതിക ശരീരം സ്വദേശമായ ഗോങ്ങ്ഗ്രൂവിലേക്ക് സംസ്കാര ശുശ്രൂഷകൾക്ക് കൊണ്ടു പോകും. ആഗസ്റ്റ് 19നാണ് മൃതസംസ്കാരം നടക്കുക.


Related Articles »