News - 2024

വംശീയ വിവേചനത്തിനെതിരെ നടപടിയുമായി അമേരിക്കന്‍ മെത്രാന്‍ സമിതി

സ്വന്തം ലേഖകന്‍ 24-08-2017 - Thursday

വാഷിംഗ്ടൺ: വംശീയ ആക്രമങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന് അമേരിക്കന്‍ മെത്രാൻ സമിതി തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയ മെത്രാൻ സമിതി അഡ് ഹോക് കമ്മിറ്റി രൂപീകരിച്ചു. സുവിശേഷത്തിന്റെ വെളിച്ചത്തിൽ സാമൂഹിക പ്രതിസന്ധികള്‍ക്കും വംശീയ വിവേചനങ്ങള്‍ക്കും പരിഹാരം കണ്ടെത്തുകയാണ് കമ്മിറ്റിയുടെ ദൗത്യം. മത നേതാക്കളുടെ ദേശീയ സമ്മേളനമാണ് കമ്മിറ്റിയുടെ ആദ്യത്തെ പദ്ധതി.

വംശീയ ആക്രമങ്ങള്‍ക്കെതിരെ യേശുവിന്റെ സന്ദേശം ആഗോളതലത്തിൽ പ്രത്യേകിച്ച് അമേരിക്കൻ ഐക്യനാടുകളിൽ പ്രചരിപ്പിക്കണമെന്ന് അഡ് ഹോക് കമ്മിറ്റി ചെയർമാന്‍ ബിഷപ്പ് ജോർജ്ജ് മൂറി ആഹ്വാനം ചെയ്തു. സമൂഹത്തിൽ നിന്ന് മാത്രമല്ല വ്യക്തികളിൽ നിന്നും വർഗ്ഗവിവേചനത്തിന്റെ മുറിവുകളുണക്കുക ശ്രമകരമാണ്. കമ്മിറ്റിയുടെ ആദ്യ ചുവടുവെയ്പ്പാണിത്. എല്ലാവരുടേയും സഹകരണം വേണം. യുഎസിനെ ബാധിച്ച തിന്മയാണ് വംശീയതയെന്നും അടുത്തിടെ നടന്ന സംഭവങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം പ്രതികരിച്ചു.

ക്രൈസ്തവ സങ്കല്‍പ്പങ്ങൾക്കെതിരാണ് വംശീയ വിവേചനമെന്ന തിന്മയെന്നു ഷിക്കാഗോ അതിരൂപതാദ്ധ്യക്ഷന്‍ കർദ്ദിനാൾ ബ്ലാസ് കപ്പിച്ച് പറഞ്ഞു. ദൈവം മനുഷ്യനെ സ്വന്തം ഛായയിൽ സൃഷ്ടിച്ചു. ഒരേ കുടുംബത്തിലെ അംഗങ്ങളായ നാമോരുത്തരും പരസ്പരം സ്നേഹിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വംശീയതയുടെ പേരിൽ നടക്കുന്ന മനുഷ്യക്കുരുതിക്കെതിരെ 2016ൽ നിയോഗിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച രൂപത- ഇടവക തലങ്ങളിലെ ചർച്ചകളും പ്രാർത്ഥനാ കൂട്ടായ്മയും പരിശീലനങ്ങളും കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടരും. ഡെട്രോയിറ്റ് ആർച്ച് ബിഷപ്പ് അല്ലൻ വിഗ്നേറോണും പുതിയ കമ്മിറ്റിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ഗാൽവെസ്റ്റൺ ഹൂസ്റ്റൺ കർദ്ദിനാളുമായ ഡാനിയേൽ ഡിനാർഡോയാണ് ആഗസ്റ്റ് 23ന് കമ്മറ്റി രൂപീകരിച്ചത്. ഇതിലെ അംഗങ്ങളെ പിന്നീട് തീരുമാനിക്കും.


Related Articles »