News - 2025
ഐഎസ് ഭീഷണി: ആശങ്കയുണ്ടെങ്കിലും നിലവിലെ സുരക്ഷ ശക്തമെന്ന് വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 29-08-2017 - Tuesday
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയ്ക്കു ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. എന്നാല്‍ മാര്‍പാപ്പയ്ക്ക് നിലവില്‍ ശക്തമായ സുരക്ഷയാണ് ഉള്ളതെന്നും പുതിയ നടപടികള്‍ എടുത്തിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കർദ്ദിനാൾ പരോളിന്റെ പ്രസ്താവനയെ പിന്തുണച്ചു കൊണ്ട് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പലോമ ഗാര്‍സിയാ ഒവേജെരോയും രംഗത്തെത്തിയിട്ടുണ്ട്. വത്തിക്കാനും മാര്‍പാപ്പയ്ക്കുമുള്ള സുരക്ഷാ ഇപ്പോള്‍ തന്നെ ശക്തമാണെന്നും സുരക്ഷാ വര്‍ദ്ധിപ്പിക്കുവാന്‍ പുതിയ നടപടികള്‍ എടുത്തിട്ടില്ലായെന്നും പലോമ ഗാര്‍സി പറഞ്ഞു.
റോമിനും ഫ്രാന്‍സിസ് പാപ്പയ്ക്കും എതിരെ ഭീഷണി മുഴക്കികൊണ്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വീഡിയോ അടുത്ത ദിവസങ്ങളിലാണ് പുറത്തുവന്നത്. തങ്ങള്‍ റോമിലും എത്തുമെന്ന് ഭീഷണിമുഴക്കുന്ന ജിഹാദികള്‍ ഫ്രാന്‍സിസ് പാപ്പായുടെയും പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്റെയും ചിത്രങ്ങള്‍ വലിച്ചുകീറുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്.
എതുതരം ഭീകരാക്രമണവും ചെറുക്കാന്‍ സന്നദ്ധമാണെന്നും വത്തിക്കാനില്‍ സ്വിസ് ഗാര്‍ഡിനെ വിന്യസിച്ചിരിക്കുന്നതു കാണാന്‍വേണ്ടി മാത്രമല്ലെന്നും മാര്‍പാപ്പയുടെ സുരക്ഷാ ചുമതലയുള്ള സ്വിസ് ഗാര്‍ഡ് മേധാവി ക്രിസ്‌റ്റോഫ് ഗ്രഫ് വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രതികരിച്ചിരിന്നു.