News

ദേവാലയം തകർക്കാനൊരുങ്ങിയ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ചൈനയിലെ ക്രൈസ്തവർ

സ്വന്തം ലേഖകന്‍ 30-08-2017 - Wednesday

ബെയ്ജിംഗ്: നഗര വികസനത്തിന്റെ പേരിൽ പുരാതനമായ ദേവാലയം പൊളിച്ചു നീക്കാൻ ശ്രമം തുടങ്ങിയ അധികൃതരുടെ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ചൈനയിലെ ക്രൈസ്തവർ. ഷാന്‍ഗ്സി പ്രവിശ്യയിലെ വാങ്ങ്ഗണിലാണ് സംഭവം. പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട് പുനർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ച് നാല് മാസങ്ങൾ പിന്നിടുമ്പോഴാണ് ദേവാലയം തകര്‍ക്കാന്‍ നടപടിയുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയത്.

നടപടിക്കെതിരെ വൈദികരുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് മഴയെ അവഗണിച്ചു ദേവാലയത്തിന് ചുറ്റും തടിച്ചു കൂടിയത്. 'യേശുവേ ഞങ്ങളെ രക്ഷിക്കണമേ, പരിശുദ്ധ കന്യകാമറിയമേ ഞങ്ങളുടെ മേൽ ദയ ആയിരിക്കേണമേ' എന്ന പ്രാർത്ഥനകൾ ഉരുവിട്ടാണ് പോലീസിനെ ജനം തടയാനിറങ്ങിയത്. ബുൾഡോസറും മറ്റ് സന്നാഹങ്ങളുമായി പോലീസ് സേന സജ്ജമായിരുന്നു. രാജ്യത്തു മതസ്വാതന്ത്ര്യം കൊണ്ടുവരണമെന്നും അതിനായി ഉദ്യോഗസ്ഥരുടെ ഹൃദയ കാഠിന്യത്തെ എടുത്ത മാറ്റണമെന്നും വിശ്വാസികള്‍ നിലവിളിക്കുന്നത് വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വിശ്വാസികളുടെ രൂക്ഷമായ പ്രതിഷേധത്തെ തുടര്‍ന്നു നടപടികൾ താത്കാലികമായി നിറുത്തിവച്ചു. നേരത്തെ 2012 ആഗസ്റ്റ് 25നാണ് വാങ്ങ്ഗൺ ദേവാലയം കത്തോലിക്ക സഭയ്ക്ക് നല്കാൻ ഭരണകൂടം ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ പ്രദേശം നിരപ്പാക്കി പൊതുവേദി നിർമ്മിക്കുക എന്ന നയമാണ് ജില്ലാ അധികൃതരും കമ്മ്യൂണിസ് ഭരണകൂടവും പിന്നീട് കൈക്കൊണ്ടത്. ഷാങ്ങ്സി രൂപതയ്ക്ക് കീഴിലെ അറുപതോളം ദേവാലയങ്ങളിലായി അമ്പതിനായിരത്തോളം ക്രൈസ്തവ വിശ്വാസികള്‍ ഉണ്ടെന്നാണ് കണക്കുകള്‍.


Related Articles »