News - 2025
ബൈബിള്‍ കാലഘട്ടത്തിലെ ജീവിതരീതികളുമായി എയിന്‍ കെരെം
സ്വന്തം ലേഖകന്‍ 31-08-2017 - Thursday
ടെല്‍ അവീവ്: ബൈബിളിലെ ജെറമിയായുടെ പുസ്തകത്തില്‍ പറയുന്ന ബത്ഹാഖെരം എന്ന ഗ്രാമം നിലനിന്നിരുന്നത് ഇന്നത്തെ ഇസ്രായേലിലെ എയിന്‍ കെരെം എന്ന നഗരത്തിലായിരുന്നു എന്ന വാദഗതി ശക്തിപ്രാപിച്ചു വരുന്ന അവസരത്തില്‍ സ്ഥലത്തെ ജനങ്ങളുടെ ജീവിതരീതി കൗതുകമുണര്‍ത്തുന്നു. ബൈബിളില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള ഒരു യഹൂദജീവിതാന്തരീക്ഷം സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് എയിന്‍ കെരെം നിവാസികള്‍. ബൈബിളില്‍ വിവരിക്കുന്ന പോലത്തെ ഗോത്ര സംസ്കാരവും ഇവര്‍ പൊടിതട്ടിയെടുത്തിരിക്കുന്നു. പരസ്പരം സഹായിച്ചും ആടുകളെ മേയിച്ചുമാണ് അവരില്‍ ഭൂരിഭാഗവും ജീവിക്കുന്നത്.
“ബഞ്ചമിന്‍ ഗോത്രജരേ, ജറുസലെമില്‍നിന്ന് ഓടി രക്ഷപെടുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബത്ഹാഖെരമില്‍ കൊടി നാട്ടുവിന്‍. വടക്കുനിന്ന് അനര്‍ഥവും കൊടിയ വിപത്തും അടുത്തുവരുന്നുന” (ജെറമിയ 6:2) എന്നാണ് ബൈബിളില്‍ ബത്ഹാഖെരമിനെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. മേഖലയിലെ ചില ഭവനങ്ങളുടെ അടിയില്‍ നിന്നും ജെറുസലേമിലെ രണ്ടാമത്തെ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ളത് ബത്ഹാഖെരം എയിന്‍ കെരേം തന്നെയാണ് എന്ന വാദത്തിന് ബലമേകുന്നുവെന്നാണ് ചരിത്രകാരന്‍മാരുടെ അഭിപ്രായം.
ബൈബിള്‍ കാലഘട്ടത്തില്‍ വളരെയേ സമ്പുഷ്ടവും ഫലഭൂയിഷ്ടവുമായിരുന്നു എയിന്‍ കെരെമിന് പറയുവാനുള്ളത് 3൦൦൦ വര്‍ഷങ്ങളോളം പരന്നുകിടക്കുന്ന ചരിത്രമാണ്. ജെറുസലേമിലെ രണ്ടാമത്തെ ദേവാലയം തകര്‍ക്കപ്പെട്ടതോടെ ബത്ഹാഖെരമില്‍ നിന്നും ആളുകള്‍ പലായനം ചെയ്തു. പിന്നീട് 1949-ല്‍ ഇസ്രായേല്‍ രാജ്യം സ്ഥാപിതമായതിന് ശേഷം ഇസ്രായേലി ഗവണ്‍മെന്റ് ജൂതന്‍മാരെ എയിന്‍ കെരെമിന്റെ സമീപ പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കുവാന്‍ സഹായിച്ചു.
യെമനില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളായിരുന്നു താമസക്കാരില്‍ പ്രധാനികള്‍. അധികം താമസിയാതെ തന്നെ ഈ പ്രദേശം യമനി സമുദായക്കാരുടെ ഒരു പ്രബല കേന്ദ്രമായി മാറുകയാണ് ഉണ്ടായത്. എന്നാല്‍ ഇപ്പോഴത്തെ ഇവരുടെ ജീവിതരീതി ബൈബിളില്‍ പറഞ്ഞിരിക്കുന്ന പ്രകാരമാണ്. ആധുനികകാലത്തും ഇത്തരത്തില്‍ ജീവിക്കുന്ന ഒരു ജനത ലോകത്തിന്റെ മുന്‍പില്‍ അത്ഭുതമായിരിക്കുകയാണ്.