News - 2024

ഇര്‍മയ്ക്കിടയിലും പ്രാര്‍ത്ഥന കൈവിടാതെ അമേരിക്ക

സ്വന്തം ലേഖകന്‍ 11-09-2017 - Monday

ഫ്ളോറിഡ: അമേരിക്കൻ തീരത്ത് ആഞ്ഞടിക്കുന്ന ഇർമയെ നേരിടാൻ പ്രാർത്ഥനകളുമായി അമേരിക്കയിലെ ക്രൈസ്തവ വിശ്വാസികള്‍. തുടര്‍ച്ചയായി ജപമാല ചൊല്ലിയും ബൈബിള്‍വചനം ഉരുവിട്ടുമാണ് ഫ്‌ളോറിഡയിലെ ക്രൈസ്തവര്‍ പ്രതിസന്ധിയിലും ദൈവത്തില്‍ ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം നൂറുകണക്കിനു വിശ്വാസികളാണ് ഫ്ലോറിഡയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ഗ്രോട്ടോയില്‍ പ്രാര്‍ത്ഥനയ്ക്കും ദിവ്യബലിയ്ക്കുമായി എത്തിയത്. 1922ല്‍ സമര്‍പ്പിക്കപ്പെട്ട ഈ ഗ്രോട്ടോയില്‍ അന്നുമുതല്‍ പ്രകൃതിദുരന്തങ്ങള്‍ ദേവാലയത്തെയോ പരിസരങ്ങളെയോ സ്പര്‍ശിച്ചിട്ടില്ലായെന്നത് ശ്രദ്ധേയമാണ്.

ഇർമയുടെ പ്രഹരശേഷി ഇല്ലാതാകുന്നതിന് ക്രൈസ്തവരോട് പ്രാർത്ഥനയിൽ ഒന്നുചേരാൻ യു.എസ് ബിഷപ്പ്സ് കോൺഫറന്‍സ് പ്രസിഡന്റ് കർദിനാൾ ഡിയനാർദോ ആഹ്വാനം ചെയ്തിരിന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വൈദികരുടെയും അല്‍മായരുടെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നേപ്പിൾസിലുള്ള ആവേ മരിയ സർവ്വകലാശാല ഇർമയെ നേരിടാൻ ഗ്വാഡലൂപ്പ മാതാവിന് മുന്നിൽ രാജ്യത്തെയും സർവ്വകലാശാലയേയും സമർപ്പിച്ച് ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്നു.

മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് ഇര്‍മ ചുഴലികാറ്റ് ഇപ്പോള്‍ വീശുന്നത്. ഇന്ന് പടിഞ്ഞാറൻ ഫ്ലോറിഡ മുനമ്പിലേക്കു ചുഴലിക്കാറ്റ് നീങ്ങുമെന്നാണു പ്രവചനം. ഇർമ അപകടങ്ങളിൽ യുഎസിൽ ഇതുവരെ നാലു പേർ മരിച്ചു. കരീബിയൻ തീരത്തു വൻനാശം വിതച്ചാണ് ഇർമ യുഎസിൽ എത്തിയത്. ഫ്ലോറിഡയിൽ 65 ലക്ഷം ജനങ്ങളോടാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. അതേസമയം, വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സഹായത്തിനായി രംഗത്തുണ്ട്.


Related Articles »