News - 2025
ആരാധനക്രമപരമായ തര്‍ജ്ജമയില്‍ മാര്‍പാപ്പ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി
സ്വന്തം ലേഖകന്‍ 11-09-2017 - Monday
വത്തിക്കാന്‍ സിറ്റി: ആരാധനക്രമത്തെ സംബന്ധിച്ച കാനന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്ന സ്വയാധികാരപ്രബോധനം ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ‘മാഗ്നം പ്രിന്‍സിപ്പിയം’ എന്ന പേരില്‍ മാര്‍പാപ്പ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പാപ്പായുടെ പുതിയ അപ്പസ്തോലിക നിര്‍ദ്ദേശമനുസരിച്ച് കത്തോലിക്കാ സഭയുടെ ദിവ്യകര്‍മ്മങ്ങളുടെ വ്യാഖ്യാനങ്ങളുടെ കാര്യത്തില്‍ മെത്രാന്‍സമിതിക്ക് കൂടുതല്‍ നിയന്ത്രണമുണ്ടാകും. ഒക്ടോബര്‍ 1 മുതലാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രാബല്യത്തില്‍ വരിക.
കാനോനിക നിയമം 838-അനുസരിച്ച് ആഗോള കത്തോലിക്കാ സഭയുടെ തിരുകര്‍മ്മങ്ങളുടെ പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും, അതിന്റെ തര്‍ജ്ജമകള്‍ക്കും അനുവാദം നല്‍കുന്നതിനുള്ള മുഴുവന്‍ അധികാരവും സഭാകേന്ദ്രത്തിനു മാത്രമായിരുന്നു. ഫ്രാന്‍സിസ് പാപ്പായുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ഇക്കാര്യത്തില്‍ രൂപതാ മെത്രാന്‍മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വവും നിയന്ത്രണവും ലഭിക്കുന്നതാണ്.
പ്രാദേശിക മെത്രാന്‍സമിതികള്‍, നിര്‍ദ്ദേശിക്കപ്പെട്ട പരിമിതികളില്‍ നിന്നുകൊണ്ട്, വിശ്വാസപൂര്‍വ്വം വേണം പ്രാദേശിക ഭാഷകളിലെ തര്‍ജ്ജമകള്‍ തയ്യാറാക്കേണ്ടതെന്നും പാപ്പായുടെ അപ്പസ്തോലിക ലേഖനത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രാദേശിക മെത്രാന്‍മാര്‍ സമര്‍പ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത ആരാധനക്രമ വ്യാഖ്യാനങ്ങള്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് നിയമത്തിനനുസൃതമാണോയെന്ന്‍ വത്തിക്കാന്‍ പരിശോധിക്കും. വത്തിക്കാന്റെ അംഗീകാരത്തിനു ശേഷം മാത്രമേ ഇത് പ്രസിദ്ധീകരിക്കുവാന്‍ കഴിയുകയുള്ളൂ.