News - 2024

ദൈവത്തിനും ആരാധനാക്രമത്തിനും പ്രാധാന്യം കൊടുക്കാത്ത ആധുനിക മനുഷ്യനെക്കുറിച്ചു ആശങ്ക പങ്കുവെച്ച് എമിരിറ്റസ് ബനഡിക്ട് പാപ്പ

സ്വന്തം ലേഖകന്‍ 09-10-2017 - Monday

ഇറ്റലി: ദൈവത്തെയും ആരാധനാക്രമത്തേയും മാറ്റിനിര്‍ത്തികൊണ്ടുള്ള ആധുനിക മനുഷ്യന്‍റെ ഭൗതീകതയിലൂന്നിയുള്ള ജീവിതത്തില്‍ ആശങ്ക പങ്കുവെച്ച് എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പ. ദൈവശാസ്ത്രത്തേയും, വിശുദ്ധ കുര്‍ബാനയേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ തന്നെ എഴുത്തുകളുടേയും, ലേഖനങ്ങളുടേയും സമാഹരമായ ‘തിയോളജി ഓഫ് ലിറ്റര്‍ജി’ എന്ന പേരില്‍ തയാറാക്കിയിരിക്കുന്ന പുസ്തകത്തിന്റെ മുഖവുരയിലാണ് എമിരിറ്റസ് പാപ്പ തന്റെ ആശങ്ക പങ്കുവെച്ചത്.

ഇന്നത്തെ ലോകത്തെ ജനങ്ങള്‍ ദൈവത്തിനും, ആരാധനാക്രമത്തിനും വേണ്ട പ്രാധാന്യം കൊടുക്കുന്നില്ല. മറ്റെല്ലാക്കാര്യങ്ങളും നമുക്ക് പ്രധാനപ്പെട്ടതാണ്. ദൈവത്തെ ഒരു വശത്തേക്ക് മാറ്റിവെച്ചുകൊണ്ട് മനുഷ്യന്‍ ഇന്നു ഭൗതീകതക്ക് അടിമകളാകുന്നു. ഇതിലൂടെ തങ്ങളുടെ വ്യക്തിത്വവും അന്തസ്സും പണയപ്പെടുത്തുകയാണ് മനുഷ്യന്‍ ചെയ്യുന്നത്.

ദൈവം മാത്രം നമുക്ക് പ്രധാനപ്പെട്ടതല്ലാതായിരിക്കുന്നു. എന്നാല്‍ ദൈവം നമ്മുക്ക് പ്രാധാന്യമുള്ളതല്ലെങ്കില്‍ പ്രാധാന്യമുള്ളത് എന്താണെന്ന് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം പോലും അപ്രസക്തമാവുമെന്നും എമിരിറ്റസ് പാപ്പ കുറിച്ചു. റഷ്യന്‍ ഭാഷയില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്ന പുസ്തകത്തിന്റെ മുഖവുര ‘ലാസ്റ്റാംപാ’യാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രേ ടെല്‍ ബ്ലോഗിലെ ഫാ. ആന്‍റണി റൂഫാണ് മുന്‍പാപ്പയുടെ വാക്കുകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.


Related Articles »