News - 2025

ഗര്‍ഭഛിദ്രം മൂലം കൊന്നൊടുക്കിയ കുഞ്ഞുങ്ങളെ സ്മരിച്ച് അമേരിക്കയില്‍ ദേശീയ ദിനാചരണം

സ്വന്തം ലേഖകന്‍ 12-09-2017 - Tuesday

ഷിക്കാഗോ: ജനിച്ചുവീഴുന്നതിനു മുന്‍പ് കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളെ സ്മരിച്ചു അമേരിക്കയില്‍ ദേശീയദിനാചരണം നടന്നു. സെപ്റ്റംബര്‍ 9 ശനിയാഴ്ചയാണ് ഗര്‍ഭഛിദ്രം മൂലം കൊന്നൊടുക്കിയ പൈതങ്ങളെ സ്മരിച്ച് അഞ്ചാം ദേശീയദിനം രാജ്യം ആചരിച്ചത്. ദേശീയദിനാചരണത്തോടനുബന്ധിച്ച് അമേരിക്കയിലെ 172-ഓളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനാ യോഗങ്ങളും, അനുസ്മരണ സമ്മേളനങ്ങളും നടന്നു. പ്രോലൈഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിക്കപ്പെട്ടത്.

നമുക്ക് കണ്ണുകൊണ്ട് കാണുവാന്‍ കഴിയാത്ത ഒരു ദുരന്തംതന്നെയാണ് ഭ്രൂണഹത്യയെന്നു ദേശീയദിനാചരണത്തിന്റെ സഹഡയറക്ടറായ എറിക്ക് ഷിദ്ലര്‍ പറഞ്ഞു. അമേരിക്കയില്‍ ഒരു ദിവസം മാത്രം ഏതാണ്ട് 3000-ത്തോളം ഭ്രൂണഹത്യ നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രോലൈഫ് പ്രവര്‍ത്തകര്‍ പതിനായിരകണക്കിന് കൊലചെയ്യപ്പെട്ട ഭ്രൂണങ്ങള്‍ കണ്ടെത്തുകയും 50 ശ്മശാനങ്ങളിലായി അവ മറവുചെയ്യുകയും ചെയ്തകാര്യവും അദ്ദേഹം വിവരിച്ചു.

മിസിസ്സിപ്പിയിലെ ജാക്ക്സണില്‍ നടന്ന ദേശീയദിനാചരണത്തില്‍ ചര്‍ച്ച് യൂത്ത് ഗ്രൂപ്പും പ്രോലൈഫ് പ്രവര്‍ത്തകരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. മിസിസിപ്പി സംസ്ഥാനത്ത് മാത്രമായി കഴിഞ്ഞവര്‍ഷം ഏതാണ്ട് 2,000-ത്തോളം അബോര്‍ഷനുകള്‍ നടന്നുവെന്ന് സ്ഥലത്തെ പ്രോലൈഫ് സംഘടനയുടെ പ്രസിഡന്റായ ഡാനാ ചിഷോം പറഞ്ഞു. ഇനിയും ജനിക്കുവാനിരിക്കുന്ന കുട്ടികള്‍ അബോര്‍ഷന്‍ ചെയ്യപ്പെടുന്നത് തടയുന്നതിന് തങ്ങളെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു. 1973 മുതല്‍ ഏതാണ്ട് 60 ദശലക്ഷത്തോളം ഭ്രൂണഹത്യകള്‍ അമേരിക്കയില്‍ നടന്നതായാണ് കണക്കാക്കപ്പെടുന്നത്.


Related Articles »