News - 2024
ജാര്‍ഖണ്ഡില്‍ വര്‍ഗ്ഗീയ ധ്രൂവീകരണം: പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സിബിസിഐ
സ്വന്തം ലേഖകന്‍ 15-09-2017 - Friday
ന്യൂഡൽഹി: ജാർഖണ്ഡിൽ ക്രൈസ്തവര്‍ക്കും കർദ്ദിനാൾ ടോപ്പോയ്ക്കെതിരെ തുടരുന്ന നീക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ കത്തോലിക്ക മെത്രാൻ സമിതി സെക്രട്ടറി ജനറൽ ബിഷപ്പ് തിയോഡോർ മസ്കാരൻഹാന്‍സ് കത്തയച്ചു. ആക്രമണങ്ങൾ നിയന്ത്രണ വിധേയമാക്കാത്ത പക്ഷം കാര്യങ്ങൾ കൈവിട്ട് പോകുമെന്നും സെപ്റ്റബർ പതിമൂന്നിന് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.
റാഞ്ചി ആർച്ച് ബിഷപ്പും ജാർഖണ്ഡ് കത്തോലിക്ക സഭാധ്യക്ഷനുമായ കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോയുടെ കോലം കത്തിക്കുന്ന ചിത്രം വർഗ്ഗീയ ഭീകരതയുടെ തെളിവാണ്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം ആശയങ്ങളെ തടയണമെന്നും ബിഷപ്പ് പറഞ്ഞു. ബിജെപി ഭരണം നടത്തുന്ന ജാർഖണ്ഡില്‍ ഖനന സംബന്ധമായ സ്ഥലം ഏറ്റെടുപ്പ് നടപടികൾ ലഘൂകരിച്ച നിയമത്തെയും മതസ്വാതന്ത്ര്യത്തിനു വിലക്കേർപ്പെടുത്തി പാസാക്കിയ നിയമത്തെയും കർദ്ദിനാൾ ചോദ്യംചെയ്തതിനെ തുടര്‍ന്നാണു പ്രതിഷേധം ആരംഭിച്ചത്. തീവ്രഹൈന്ദവസംഘടനകളാണ് കർദ്ദിനാളിനും ക്രൈസ്തവര്‍ക്കും എതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നത് ജാർഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി അംഗവുമായ രഘുബാർ ദാസിന്റെ പങ്കാളിത്തമാണെന്നും ബിഷപ്പ് തിയോഡോർ മസ്കാരൻഹാന്‍സ് പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറഞ്ഞു. മിഷൻ പ്രവർത്തനങ്ങളെ നിർബന്ധിത മതപരിവർത്തനമായി പത്രത്തിൽ പരസ്യപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രവർത്തിയാണ് ക്രൈസ്തവർക്ക് നേരെ തീവ്ര ഹൈന്ദവവാദികള്‍ തിരിയുവാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി എന്ന സ്ഥാനത്ത് നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ബിഷപ്പ് തിയോഡോർ തന്റെ കത്തില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഇടപെടൽ ഈ വിഷയത്തിൽ അനിവാര്യമാണെന്നും വിശ്വാസത്തിന്റെ പേരിൽ അക്രമങ്ങൾ അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശമാണ് തങ്ങളുടെ പ്രതീക്ഷയെന്നും ബിഷപ്പ് പറഞ്ഞു. ഒരു ചെറിയ തീപ്പൊരിയായി തുടങ്ങിയിട്ട വിദ്വേഷത്തിന്റെ വിത്തുകൾ പടർന്ന് ഭീകരരൂപം പ്രാപിക്കാനുള്ള സാധ്യതയും അദ്ദേഹം കത്തിൽ ചൂണ്ടികാണിച്ചു. ജാർഖണ്ഡിലെ ജനസംഖ്യയിൽ അഞ്ചു ശതമാനത്തിൽ താഴെയാണ് ക്രൈസ്തവര്‍.