India - 2024

പുനരൈക്യ വാര്‍ഷികത്തിന്റെ ഭാഗമായി കര്‍ദ്ദിനാളിന്റെ നേതൃത്വത്തില്‍ ശുചീകരണയത്നം

സ്വന്തം ലേഖകന്‍ 16-09-2017 - Saturday

അടൂര്‍: മലങ്കര കത്തോലിക്കാ സഭ 87 ാമത് പുനരൈക്യ വാര്‍ഷികത്തിന്റെ ഭാഗമായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ നാളെ അടൂരും പരിസരവും ശുചീകരിക്കും. 19 മുതല്‍ 21 വരെ നടത്തുന്ന ആഘോഷങ്ങള്‍ക്കു ഹരിതച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണു ശുചീകരണം. സമ്മേളനം സമാപിക്കുന്ന 21നും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍തന്നെ ശുചീകരണ പ്രവര്‍ത്തനം നടത്തും.

പ്രകൃതിയെ കരുതാനും സൂക്ഷിക്കാനുമുള്ള ബാധ്യത മനുഷ്യനുണ്ടെന്ന സന്ദേശം നല്‍കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് ശുചീകരണം നടത്തുന്നതെന്നു സഭാ അധികൃതര്‍ പറഞ്ഞു.നാളെ ഉച്ചകഴിഞ്ഞു രണ്ടിന് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്തു കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യും. അടൂര്‍ ബൈപാസ് മുതല്‍ സമ്മേളനവേദിയായ ഗ്രീന്‍വാലി കണ്‍വന്‍ഷന്‍ സെന്റര്‍ വരെയുള്ള പ്രദേശങ്ങളിലാകും ഈ ദിവസങ്ങളില്‍ ശുചീകരണം.

അടൂര്‍ വൈദികജില്ലയിലെ 14 ദേവാലയങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ ശുചീകരണത്തില്‍ പങ്കാളികളാകും. എംസിവൈഎം പ്രവര്‍ത്തകരും ഹരിതച്ചട്ടം സന്നദ്ധ പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഗ്രീന്‍വാലി വരെയുള്ള പ്രദേശങ്ങളെ 14 കേന്ദ്രങ്ങളായി തിരിച്ചാകും ശുചീകരണം. നഗരസഭയുടെ സഹകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളിലുണ്ടാകും.

More Archives >>

Page 1 of 98