India - 2024

ഫാ. ടോമുമായി കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് സംസാരിച്ചു

സ്വന്തം ലേഖകന്‍ 14-09-2017 - Thursday

തിരുവനന്തപുരം: ഭീകരരില്‍നിന്നു മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിലുമായി സിബിസിഐ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ടെലിഫോണില്‍ സംസാരിച്ചു. ഫാ. ടോമുമായി ചൊവ്വാഴ്ച രാത്രിയാണ് ടെലിഫോണ്‍ സംഭാഷണം നടത്തിയതെന്നു കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവ പത്രസമ്മേളനത്തില്‍ അറിയിച്ചു. അച്ചന്‍ ഏറെ ക്ഷീണിതനാണെന്നു സംഭാഷണത്തില്‍ തന്നെ വ്യക്തമായി. മോചനത്തിനായി ഉള്ളുരുകി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയണമെന്നു ടോമച്ചന്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു.

നാട്ടിലേക്കുള്ള മടങ്ങിവരവു സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ഫാ. ടോമിന്റെ മോചനത്തിന് മാര്‍പാപ്പയുടെ ഇടപെടല്‍ ഏറെ സഹായകമായി. ടോമച്ചന്റെ മോചനം സംബന്ധിച്ച് ഇടപെടല്‍ ഉണ്ടാവണമെന്ന കാര്യത്തില്‍ മാര്‍പാപ്പയോടും വത്തിക്കാനിലെ മറ്റു കര്‍ദിനാള്‍മാരോടും വ്യക്തിപരമായി സംസാരിച്ചിരുന്നു. വത്തിക്കാനും ഒമാന്‍ ഭരണകൂടവുമായി നടത്തിയ ഇടപെടലാണ് ഏറ്റവുമൊടുവില്‍ ഗുണപരമായതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

അതേസമയം, ഫാദർ ടോം കോട്ടയം രാമപുരത്തെ വീട്ടിലേക്കു വിളിച്ചു. സുരക്ഷിതനാണെന്നും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹം കുടുംബാംഗങ്ങളോട് അറിയിച്ചു. എന്നാൽ നാട്ടിലേക്ക് എന്നു വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.

More Archives >>

Page 1 of 97