News

പശ്ചിമേഷ്യയിലെ ക്രൈസ്തവരെ പുനരധിവസിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്ന് കുര്‍ദ്ദിസ്ഥാന്‍ വികാര്‍ ജനറല്‍

സ്വന്തം ലേഖകന്‍ 19-09-2017 - Tuesday

കുര്‍ദ്ദിസ്ഥാന്‍: പശ്ചിമേഷ്യയില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യാനികളെ സ്വന്തം ദേശങ്ങളില്‍ പുനരധിവസിപ്പിക്കേണ്ടത് അടിയന്തരപ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും ഇതിനുള്ള സമയം അതിക്രമിച്ചെന്നും ബാഗ്ദാദിലെ ലത്തീന്‍ കത്തോലിക്കാ മെത്രാപ്പോലീത്തായുടെ കുര്‍ദ്ദിസ്ഥാനിലെ വികാര്‍ ജനറലായ ഫാദര്‍ ലൂയീസ് മോണ്ടെസ്. പലായനം ചെയ്ത ക്രൈസ്തവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കിയില്ലെങ്കില്‍ ഭൂരിഭാഗം ക്രിസ്ത്യാനികളും സ്വന്തം രാജ്യം വിട്ടുപോകുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇസ്ലാമിക് സ്റ്റേറ്റിനെതിരായി അമേരിക്കന്‍ പിന്തുണയോടെയുള്ള യുദ്ധം വിജയം അടുത്തുകൊണ്ടിരിക്കുന്ന ഈ അവസരം പശ്ചിമേഷ്യയില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് സ്വന്തം നാട്ടില്‍ തിരിച്ചുവരുവാനുള്ള അവസരത്തിന്റെ ഒരു ജാലകം തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2,00,000 മുതല്‍ 3,00,000 ത്തോളം ക്രിസ്ത്യാനികള്‍ ഇതിനോടകം തന്നെ ഇറാഖ് പലായനം ചെയ്തതായാണ് കണക്കാക്കപ്പെടുന്നത്. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍ ആധിപത്യം ഉറപ്പിച്ചതോടെ നിരവധി ക്രിസ്ത്യാനികള്‍ ഭവനരഹിതരാവുകയും പലായനം ചെയ്യുകയും ചെയ്തിരുന്നു.

പലായനം ചെയ്ത ക്രൈസ്തവര്‍ക്ക് വേണ്ട ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ധനസമാഹരണം സഭ ആരംഭിച്ചിട്ടുണ്ട്. കിഴക്കന്‍ ഇറാഖിലെ ജനങ്ങളേക്കാള്‍ കൂടുതലായി പടിഞ്ഞാറന്‍ ഇറാഖിലെ മുസ്ലീംങ്ങള്‍ ഐ‌എസ്നോട് അനുഭാവം പുലര്‍ത്തുന്നവരാണെന്ന് ഫാദര്‍ മോണ്ടെസ് പറയുന്നു. മൊസൂളിലെ സുന്നി വംശജരായ മുസ്ലീംങ്ങള്‍ ഐ‌എസിനായി തങ്ങളുടെ ഭവനങ്ങളുടെ വാതിലുകള്‍ തുറന്നിട്ടു. അതിനാലാണ് വെറും 2,000 ആക്രമികളുമായി വന്ന തീവ്രവാദികളുടെ സംഘം അനായാസമായി മൊസൂളില്‍ ആധിപത്യം സ്ഥാപിച്ചതെന്നു നാഷണല്‍ പബ്ലിക് റേഡിയോയുടെ റിപ്പോര്‍ട്ടിനെ ചൂണ്ടിക്കാണിച്ചു അദ്ദേഹം വിവരിച്ചു.

ക്രിസ്ത്യന്‍ സഭക്ക് മൊസൂളില്‍ കാര്യമായ ഭാവി ഇല്ലെന്ന കാര്യവും ഫാദര്‍ മോണ്ടെസ് പങ്കുവെച്ചു. ഐ‌എസിനോടനുഭാവം പുലര്‍ത്തുന്നവരോരോപ്പം ജീവിക്കുവാന്‍ ക്രിസ്ത്യാനികള്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് അതിന്റെ കാരണമായി അദ്ദേഹം പറയുന്നത്. എങ്കിലും ക്രൈസ്തവരുടെ ശക്തികേന്ദ്രമായ നിനവേ താഴ്വരയിലേക്ക് ആയിരകണക്കിന് ക്രിസ്ത്യാനികള്‍ തിരിച്ചുവരുന്നുണ്ട്. മറ്റൊരു നഗരമായ ക്വാരഖോഷിലേക്ക് മാസാവസാനത്തോടെ 2,500-ഓളം കുടുംബങ്ങള്‍ തിരിച്ചുവന്നെന്നാണ് കണക്കാക്കപ്പെടുന്നത്.


Related Articles »