News - 2024

അഭയാർത്ഥി ക്രൈസ്തവരെ ഭക്ഷണത്തിനായി ഇസ്ളാമിക പ്രാർത്ഥനകൾ ചൊല്ലിക്കുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 20-09-2017 - Wednesday

ഖാർടോം: സുഡാനിലെ അഭയാർത്ഥി ക്യാമ്പില്‍ കഴിയുന്ന ക്രൈസ്തവരെ, ഭക്ഷണത്തിനായി ഇസ്ളാമിക പ്രാർത്ഥനകൾ നിര്‍ബന്ധിച്ച് ചൊല്ലിക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര അക്രമണങ്ങളെ തുടർന്ന് തെക്കൻ സുഡാനിൽ നിന്നും അഭയാർത്ഥി ക്യാമ്പുകളിൽ അഭയം തേടിയ ക്രൈസ്തവ കുട്ടികളെയാണ് ഭക്ഷണത്തിനായി മുസ്ലിം പ്രാർത്ഥനകൾ ചൊല്ലിപ്പിക്കുന്നതെന്ന് 'എയ്ഡ് ടു ചർച്ച് ഇൻ നീഡ്' പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അഭയാർത്ഥികളെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതായി പ്രാദേശിക വൈദികരും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

യുഎന്നും സന്നദ്ധസംഘടനകളും ലഭ്യമാക്കുന്ന ഭക്ഷണം ലഭിക്കുവാനായി ഇസ്ളാമിക പ്രാർത്ഥനകൾ ചൊല്ലണമെന്ന കർശന നിർദേശം നിലനില്‍ക്കുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇസ്ളാമിക രാഷ്ട്രമായ സുഡാനിലെ മറ്റ് മതസ്ഥരുടെ സാന്നിദ്ധ്യം പോലും ചോദ്യം ചെയ്യപ്പെടുകയാണെന്ന് സുഡാൻ റിലീഫ് ഫണ്ട് ഉപദേശകൻ ഡേവിഡ് ഡെറ്റോണി അഭിപ്രായപ്പെട്ടു. ക്രൈസ്തവർക്ക് നേരെ നിലനില്ക്കുന്ന വേർതിരിവ് ഭരണകൂടത്തിന്റെ ഇസ്ലാം മത പരിവർത്തന തന്ത്രമാണോ എന്ന സംശയമാണ് നിലനില്‍ക്കുന്നത്. ഇരുപത് ലക്ഷത്തോളം ആളുകള്‍ തെക്കൻ സുഡാനിൽ നിന്നും പലായനം ചെയ്തെന്നാണ് യുഎൻ ഹൈക്കമ്മീഷണറുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

2013 ഡിസംബറിൽ ആരംഭിച്ച ആഭ്യന്തര യുദ്ധമാണ് അഭയാർത്ഥി പ്രശ്നങ്ങൾക്ക് തുടക്കം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കടുത്ത ക്ഷാമം നേരിടുന്നതായി യു.എൻ നേരത്തെ വ്യക്തമാക്കിയിരിന്നു. അഭയാർത്ഥി ക്യാമ്പുകൾക്കു പുറമേ ദേവാലയങ്ങളില്‍ അഭയം പ്രാപിച്ച ജനങ്ങളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുണ്ട്. ദാരിദ്ര്യവും ആക്രമണവാസനകളുമായി തെക്കൻ സുഡാനിലെ സ്ഥിതിഗതികൾ അതിരൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ഭക്ഷണത്തിന് വേണ്ടി ഇസ്ളാമിക പ്രാര്‍ത്ഥനകള്‍ നിര്‍ബന്ധപൂര്‍വ്വം ചൊല്ലിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.


Related Articles »