News
ലോകത്തെ വീണ്ടും അമ്പരപ്പിച്ച് വിശുദ്ധ ജാനുയേരിയസ്സിന്റെ രക്തകട്ട ദ്രാവകമായി
സ്വന്തം ലേഖകന്‍ 22-09-2017 - Friday
നേപ്പിള്‍സ്: ഇറ്റലിയിലെ നേപ്പിള്‍സിന്റെ മാധ്യസ്ഥ വിശുദ്ധനായ വിശുദ്ധ ജാനുയേരിയസ്സിന്റെ രക്തം അലിയുന്ന അത്ഭുതം ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് ഈ വര്‍ഷവും ആവര്‍ത്തിച്ചു. വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-ന് രാവിലെ 10.05 നായിരുന്നു അത്ഭുതം സംഭവിച്ചത്. നേപ്പിള്‍സിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ക്രസന്‍സിയോ സെപ്പെയാണ് അത്ഭുതം സംഭവിച്ച വിവരം തീര്‍ത്ഥാടകരെ അറിയിച്ചത്. ജാനുയേരിയസ്സിന്റെ രക്തകട്ടയടങ്ങിയ പാത്രം സൂക്ഷിച്ചിരിക്കുന്ന സേഫ് താന്‍ തുറന്നപ്പോഴേക്കും രക്തം അലിഞ്ഞുകഴിഞ്ഞിരുന്നു എന്നാണ് ബിഷപ്പ് പറഞ്ഞത്. ഇക്കാര്യം ഇറ്റാലിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കത്തീഡ്രലില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ ആഹ്ലാദത്തോടേയും കരഘോഷത്തോടേയുമാണ് വിശുദ്ധ ജാനുയേരിയസ്സിന്റെ രക്തം അലിഞ്ഞുവെന്ന പ്രഖ്യാപനത്തെ വരവേറ്റത്. മേയര്‍ ലൂയിജി ഡീ മജീസ്ട്രീസ്, കംപാനിയ റീജിയണല്‍ കൗൺസിൽ ചെയര്‍മാന്‍ വിന്‍സെന്‍സൊ ഡി ലൂക്കാ, ഫൈവ് സ്റ്റാര്‍ മൂവ്മെന്‍റ് മെംബര്‍ ല്‍യീജി ഡി മയോ തുടങ്ങീ നിരവധി പ്രമുഖരും അത്ഭുതത്തിന് സാക്ഷികളായിരിന്നു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷന്റെ കാലത്ത് മതപീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ചയാളാണ് വിശുദ്ധ ജാനുയേരിയസ്.
ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. 1389-മുതല്‍ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്ന്‍ പ്രാവശ്യമാണ് ഈ അത്ഭുതം സംഭവിക്കുന്നത്. വിശുദ്ധന്റെ നാമഹേതുതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16-നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്.
നേപ്പിള്‍സിലും, കംപാനിയ പ്രദേശം മുഴുവനും അത്ഭുതത്തെ ശുഭകരമായ കാര്യമായിട്ടാണ് കരുതിവരുന്നത്. ഈ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ അപശകുനമായി കണക്കാക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. എപ്പോഴൊക്കെ രക്തം അലിയാതിരുന്നുവോ അപ്പോഴൊക്കെ ഏതെങ്കിലും തരത്തിലുള്ള വിനാശം സംഭവിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം വിശുദ്ധന്റെ നാമകരണ തിരുനാളിന്റെയന്നും അത്ഭുതം നടന്നിരിന്നു. 2015 മാര്‍ച്ചില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ രക്തകട്ടയുടെ പകുതി ഭാഗം ദ്രവമായി തീര്‍ന്നത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരിന്നു.