News - 2025
തിരുസഭയുടെ പാരമ്പര്യത്തോട് കത്തോലിക്കര്‍ വിശ്വസ്തരായിരിക്കണമെന്നു ബിഷപ്പ് ഷ്നീഡര്‍
സ്വന്തം ലേഖകന്‍ 22-09-2017 - Friday
അസ്താന: പരിശുദ്ധ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ കാര്യത്തില്‍ തിരുസഭ കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന രീതി വൈദികര്‍ പിന്തുടരണമെന്നും തിരുസഭയുടെ പാരമ്പര്യത്തോട് കത്തോലിക്കര്‍ വിശ്വസ്തരായിരിക്കണമെന്നും ഖസാഖിസ്ഥാനിലെ ഓക്സിലറി ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍. ഇതിനെതിരായി പ്രവര്‍ത്തിക്കുവാന്‍ തങ്ങളുടെ മേലധികാരികളും മെത്രാന്‍മാരും ആവശ്യപ്പെട്ടാല്‍ പോലും വൈദികര്‍ സ്നേഹത്തോടെയും ബഹുമാനത്തോടെയും അത് നിരസിക്കണമെന്നും മെത്രാന്‍ ആഹ്വാനം ചെയ്തു.
'വണ്‍ പീറ്റര്‍ ഫൈവ്' എന്ന വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സഭാപാരമ്പര്യങ്ങളെ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബിഷപ്പ് വിശദീകരണം നല്‍കിയത്. ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹികാഹ്വാനമായ അമോരിസ് ലെത്തീസ്യാക്ക് ശേഷം പല മെത്രാന്‍ സമിതികളും ദിവ്യകാരുണ്യ സ്വീകരണത്തെക്കുറിച്ചുള്ള പലവിവിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പലരും സഭ പാരമ്പര്യമായി തുടര്‍ന്നുവരുന്ന രീതി മുറുകെപ്പിടിച്ചപ്പോള്‍ ചിലര്‍ ഇതില്‍ മാറ്റംവേണമെന്ന ആവശ്യം മുന്നോട്ടു വെച്ചു.
സഭാപ്രബോധനമനുസരിച്ച് വിവാഹമോചിതര്‍ക്കും, പുനര്‍വിവാഹിതര്‍ക്കും തങ്ങള്‍ സഹോദരീസഹോദരന്‍മാരെപ്പോലെ ജീവിച്ചോളാം എന്ന് തീരുമാനിച്ചാല്‍ മാത്രമേ ദിവ്യകാരുണ്യ സ്വീകരണം സാധ്യമാകുകയുള്ളൂ. എന്നാല്‍ ഇതിനെതിരായിട്ടാണ് ചിലരുടെ നിലപാടുകള്‍. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും, ബെനഡിക്ട് പതിനാറാമന്‍ പാപ്പായും ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതും കത്തോലിക്കാ സഭ പാരമ്പര്യമായി തുടര്‍ന്നുവന്നിതുമായ കാര്യങ്ങള്‍ വൈദികര്‍ക്കും അത്മായര്‍ക്കും ഒരുപോലെ ബാധകമാണ്.
വിവാഹത്തെക്കുറിച്ചും ദിവ്യകാരുണ്യ സ്വീകരണത്തെക്കുറിച്ചും തിരുസഭയുടെ പ്രബോധനങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും, ഒരു രൂപതാ മെത്രാനോ, അല്ലെങ്കില്‍ പാപ്പായോ പറഞ്ഞതുകൊണ്ട് മാത്രം തിരുസഭാ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായി ദിവ്യകാരുണ്യ സ്വീകരണത്തിനു അനുവദിക്കുവാന്‍ കഴിയുകയില്ലെന്നും മെത്രാന്‍ ഷ്നീഡര്‍ പറഞ്ഞു. കുമ്പസാരം, വിശുദ്ധ കുര്‍ബാന, വിവാഹത്തിന്റെ പവിത്രത എന്നിവയെക്കുറിച്ചുള്ള സഭാപ്രബോധനങ്ങള്‍ സംരക്ഷിക്കുവാനായി വിശ്വാസികള്‍ക്ക് കത്തെഴുതിയ മൂന്നു ഖസാഖിസ്ഥാന്‍ മെത്രാന്‍മാരില്‍ ഒരാളാണ് ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍.