Sunday Mirror

IHS എന്ന മുദ്ര കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?

സ്വന്തം ലേഖകന്‍ 24-09-2017 - Sunday

വിശുദ്ധ കുര്‍ബാനക്കും മറ്റ് തിരുകര്‍മ്മങ്ങള്‍ക്കുമായി നമ്മള്‍ ദേവാലയത്തിലായിരിക്കുമ്പോള്‍ IHS എന്ന മുദ്ര നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമെന്നു ഉറപ്പാണ്. മദ്ബഹയിലെ വിരിയിലും തിരുവോസ്തിയിലും ഈ മൂന്നു അക്ഷരം വ്യക്തമായി നാം കാണുന്നു. ഒപ്പം ലോകമാകമാനമുള്ള കത്തോലിക്കാ ദേവാലയങ്ങളിലെ ചിത്രകലകളിലും, രൂപങ്ങളിലും IHS എന്ന ചുരുക്കെഴുത്തിനെ നമുക്ക് കാണുവാന്‍ സാധിക്കും. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതലായി ആലോചിക്കുവാന്‍ നമ്മില്‍ പലരും ശ്രമിച്ചിട്ടില്ലായെന്നതാണ് സത്യം. ഈ മൂന്ന് അക്ഷരങ്ങള്‍ക്ക് ക്രൈസ്തവരുടെ ഇടയില്‍ വളരെയേറെ പ്രാധാന്യമുണ്ട്.

എന്താണ് IHS ന്റെ ശരിയായ അര്‍ത്ഥം. നമ്മളില്‍ ചിലരെങ്കിലും ധരിച്ചിരുന്നത് പോലെ "I have suffered", "Jesus Hominum Salvator" (രക്ഷകനായ യേശു), "In Hoc Signo " (ഈ അടയാളം വഴി നീ വിജയിക്കും) എന്നീ വാചകങ്ങളുടെ ചുരുക്കെഴുത്തല്ല IHS. ഇതിനെ ഒരു ക്രിസ്ത്യന്‍ ചിത്രാക്ഷരമുദ്ര (Christogram) എന്ന് വിളിക്കുന്നതായിരിക്കും കൂടുതല്‍ ശരി. വാസ്തവത്തില്‍ ‘ജീസസ് ക്രൈസ്റ്റ്’ (യേശു ക്രിസ്തു) എന്നെഴുതുവാനുള്ള പഴയകാലത്തെ ഒരു മാര്‍ഗ്ഗമായിരുന്നു IHS.

ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ നമുക്ക് മൂന്നാം നൂറ്റാണ്ടിലേക്ക് പോകേണ്ടി വരും. അക്കാലത്തെ ക്രിസ്ത്യാനികള്‍ക്ക്, യേശുവിന്റെ ഗ്രീക്ക് ഭാഷയിലുള്ള പേരിന്റെ ആദ്യ മൂന്നക്ഷരങ്ങള്‍ അവിടുത്തെ ചുരുക്കപ്പേരായി എഴുതുന്ന ഒരു പതിവുണ്ടായിരുന്നു. ഗ്രീക്ക് ഭാഷയില്‍ യേശുവിന്റെ പേര് ΙΗΣΟΥΣ എന്നാണ് എഴുതിയിരുന്നത്. ഇതിന്റെ ആദ്യത്തെ മൂന്നക്ഷരങ്ങള്‍ ΙΗΣ ചേരുമ്പോള്‍ യേശുവിന്റെ ചുരുക്കെഴുത്തായി. അക്കാലത്തു Σ (Sigma) എന്ന ഗ്രീക്ക് അക്ഷരത്തിനു സമമായ ലാറ്റിന്‍ അക്ഷരമാലയിലെ അക്ഷരം S ആയിരുന്നു. ഇപ്രകാരമാണ് IHS എന്നത് യേശുവിന്റെ പേരിന്റെ ചിത്രാക്ഷരമുദ്രയായത്.

Must Read: ‍ 8 വയസ്സുകാരന്റെ ദിവ്യകാരുണ്യ ഭക്തി ഒരു കുടുംബത്തെ രക്ഷിച്ചപ്പോള്‍

എട്ടാം നൂറ്റാണ്ടിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ച് കാണുന്നത്. 'കര്‍ത്താവായ യേശു ക്രിസ്തു രാജാക്കന്‍മാരുടെ രാജാവ്' എന്നര്‍ത്ഥം വരുന്ന DIN IHS CHS REX REGNANTIUM എന്നതായിരിന്നു ആ വാചകം. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജെസ്റ്റീനിയന്‍ രണ്ടാമന്റെ നാണയങ്ങളിലും ഈ മുദ്രയുണ്ടായിരുന്നു. തിരുസഭയുടെ ആദ്യകാലങ്ങളില്‍ തന്നെ ഈ ചിഹ്നം ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

'യേശുവിന്റെ നാമം മഹത്വപ്പെടുത്തുക' എന്ന ലക്ഷ്യത്തോടെ പതിനഞ്ചാം നൂറ്റാണ്ടില്‍ സിയന്നായിലെ വിശുദ്ധ ബെര്‍ണാഡിന്‍ ആരംഭിച്ച പ്രചാരണ പരിപാടിയുടെ ഭാഗമായി തങ്ങളുടെ വീടുകളുടെ വാതിക്കല്‍ IHS എന്നെഴുതിവെക്കുവാന്‍ അദ്ദേഹം ക്രിസ്ത്യാനികളെ പ്രേരിപ്പിച്ചിരിന്നു. 1541-ല്‍ വിശുദ്ധ ഇഗ്നേഷ്യസ് ലയോള 'ഈശോ സഭ' (ജെസ്യൂട്ട്) എന്നറിയപ്പെടുന്ന താന്‍ സ്ഥാപിച്ച പുതിയ സന്യാസ സഭയുടെ മുദ്രയായി IHS-നെ സ്വീകരിച്ചു.

കാലക്രമേണ ഈ അടയാളം ക്രൈസ്തവ ലോകത്തിന്റെ പ്രസിദ്ധമായ പ്രതീകങ്ങളില്‍ ഒന്നായി മാറി. ചുരുക്കത്തില്‍ യേശുവിന്റെ വിശുദ്ധ നാമത്തെ കുറിക്കുന്നതാണ് ഈ ചിത്രാക്ഷരമുദ്ര. ഇനി IHS എന്ന പ്രതീകം നാം കാണുമ്പോള്‍ ചിന്തിക്കേണ്ടത് പ്രധാനമായും ഒരു കാര്യമാണ്. 'ആകാശത്തിന് കീഴെ മനുഷ്യ രക്ഷയ്ക്കായി യേശുനാമം അല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല' എന്ന വചനവാക്യമായിരിക്കണം നമ്മുടെ മനസ്സില്‍ വരേണ്ടത്.


Related Articles »