News

അമേരിക്കയുടെ പ്രഥമ രക്തസാക്ഷിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 25-09-2017 - Monday

ഒക്‌ലഹോമ: ക്രൈസ്തവ വിശ്വാസത്തില്‍ അടിയറച്ചു നിന്നു മരണം ഏറ്റുവാങ്ങിയ അമേരിക്കന്‍ സഭയിലെ പ്രഥമ രക്തസാക്ഷി ഫാ. സ്റ്റാന്‍ലി റോഥറിനെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തി. ശനിയാഴ്ച ഒക്‌ലഹോമ നഗരത്തിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇരുപത്തിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. തിരുകര്‍മ്മങ്ങള്‍ക്ക് വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ നേതൃത്വം നല്‍കി. വാഴ്ത്തപ്പെട്ട സ്റ്റാന്‍ലിയുടെ സഹോദരി സിസ്റ്റര്‍ മാരിറ്റ റോതര്‍, ഒക്‌ലഹോമ ആര്‍ച്ച് ബിഷപ്പ് പോള്‍ കോക്ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരിന്നു.

ഒക്‌ലഹോമ അതിരൂപതയിലെ വൈദികനായി തന്റെ സേവനം ആരംഭിച്ച ഫാദര്‍ റോഥര്‍, 1968-ല്‍ ഗ്വാട്ടിമാലയിലെ സാന്റിയാഗോ അറ്റിറ്റ്ലന്‍ എന്ന ഗ്രാമത്തിലേക്കു സുവിശേഷ പ്രഘോഷണത്തിനും മിഷന്‍ പ്രവര്‍ത്തനത്തിനുമായി കടന്നുചെല്ലുകയായിരിന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രാമീണരുടെ പ്രിയങ്കരനായി വൈദികന്‍ മാറി. ഗ്വാട്ടിമാലയിലെ സര്‍ക്കാരിനെതിരെ പോരാടിയ ഇടത് റിബലുകള്‍ക്ക് ഗ്രാമീണരുടെ പിന്‍തുണ ലഭിച്ചിരുന്നതിനാല്‍ ഫാദര്‍ സ്റ്റാന്‍ലി റോഥറിനെ സംശയത്തിന്റെ കണ്ണിലൂടെയാണ് സര്‍ക്കാര്‍ സൈന്യം വീക്ഷിച്ചിരുന്നത്. ഗ്രാമത്തിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയത്ത് സുരക്ഷ മുന്‍ നിര്‍ത്തി ഫാദര്‍ സ്റ്റാന്‍ലി റോഥര്‍ മടങ്ങി പോയിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏറെ സ്‌നേഹിക്കുന്ന ജനങ്ങളുള്ള ഗ്വാട്ടിമാലയിലേക്ക് അദ്ദേഹം മടങ്ങിയെത്തി. 1981 ജൂലൈ 28-ന് അദ്ദേഹം സേവനം ചെയ്യുന്ന ദേവാലയത്തിന്റെ സമീപത്തുള്ള താമസസ്ഥലത്തു വച്ചു പട്ടാളത്തിന്റെ വെടിയേറ്റ് ഫാദര്‍ സ്റ്റാന്‍ലി മരണം വരിക്കുകയായിരിന്നു. 1996-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഗ്വാട്ടിമാലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഫാ. റോഥര്‍ ഉള്‍പ്പെടെ അന്ന്‍ മരണം വരിച്ച രക്തസാക്ഷികളുടെ പേര് രാജ്യത്തെ മെത്രാന്‍മാര്‍ നാമകരണ നടപടികള്‍ക്കായി നല്‍കിയിരിന്നു.

വിശ്വാസത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ഫാ. റോഥറിനെ വര്‍ഷങ്ങളായി രക്തസാക്ഷിയായാണ് ഗ്വാട്ടമാലിയൻ സഭ കണക്കാക്കുന്നത്. അതേസമയം അമേരിക്കയില്‍വെച്ചു നടക്കുന്ന രണ്ടാമത്തെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടന്നത്. 2014-ല്‍ ന്യൂജേഴ്സിയില്‍ മിരിയം തെരേസയെയാണ് ആദ്യമായി വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്.


Related Articles »