News

കാനഡയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിച്ചു

സ്വന്തം ലേഖകന്‍ 29-09-2017 - Friday

ഒട്ടാവ: സ്വതന്ത്രരാജ്യമായി നൂറ്റന്‍പതു വർഷം തികയുന്നതിന്റെയും ആദ്യമായി പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിച്ചിട്ട് 70 വര്‍ഷം തികയുന്നതിന്റെ സ്മരണയും പുതുക്കി കാനഡയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിച്ചു. നോർത്തെ ഡാം കത്തീഡ്രൽ ബസലിക്കയിൽ കനേഡിയൻ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ടുള്ള ദിവ്യബലിയോടെയാണ് പ്രതിഷ്ഠകർമ്മങ്ങൾ നടത്തിയത്.

ക്യുബക്കിലെ മുൻ ആർച്ച് ബിഷപ്പായ കർദ്ദിനാൾ മാർക്ക് ഔലറ്റ്‌, ടൊറാന്റോ കർദ്ദിനാളായ തോമസ് കോളിൻസ്‌, ക്യുബക്കിലെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ജെറാൾഡ് ലാക്രോയിക്‌സ് എന്നിവരാണ് രാജ്യത്തെ പരിശുദ്ധ അമ്മയുടെ വിമലഹ്യദയത്തിന് ഭരമേൽപ്പിച്ചത്.

സുവിശേഷത്തെ സ്വീകരിക്കാൻ കൂടുതൽ തുറവിയുള്ളവരായിരിക്കാനും യുദ്ധത്തിന്റെ ഭീകരതകളിൽ നിന്ന് തങ്ങളുടെ രാജ്യം സംരക്ഷിക്കപ്പെടാനും തങ്ങൾ രാജ്യത്തെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന് പുനപ്രതിഷ്ഠിക്കുകയാണെന്ന് ക്യുബക്കിലെ കർദ്ദിനാളായ ജെറാൾഡ് ലാക്രോയിക്‌സ് പറഞ്ഞു.

പരിശുദ്ധ അമ്മയ്ക്ക് രാജ്യത്തെ സമർപ്പിക്കുന്നതിനേക്കാൾ മനോഹരമായി മറ്റൊന്നുമില്ലായെന്നും താൻ ഇതിൽ വളരെ സന്തോഷവാനാണെന്നും കനേഡിയൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റായ ബിഷപ്പ് ഡഗ്ലസ് ക്രോസ്ബി പറഞ്ഞു. ബിഷപ്പുമാരും വൈദികരും വിശ്വാസികളുമടക്കം നൂറുകണക്കിനു ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. നേരത്തെ ജൂലൈ 1-ന് രാജ്യത്തെ എല്ലാ മെത്രാന്‍മാരും ദൈവമാതാവിന്റെ വിമല ഹൃദയത്തിലേക്ക് തങ്ങളുടെ രൂപതയെ സമര്‍പ്പിച്ചിരിന്നു.

1947-ലായിരുന്നു കാനഡയെ ആദ്യമായി പരിശുദ്ധ മാതാവിനായി സമര്‍പ്പിച്ചത്. ഒട്ടാവയിലെ ഒണ്ടാറിയോയിലെ വെച്ച് നടന്ന മരിയന്‍ സമ്മേളനത്തില്‍വെച്ച് രണ്ട് കാബിനറ്റ് മന്ത്രിമാരായിരുന്നു അന്ന് രാജ്യത്തെ മാതാവിന്റെ കരങ്ങളില്‍ ഭരമേല്‍പ്പിച്ചത്. 1954-ല്‍ മരിയന്‍ വര്‍ഷത്തിന്റെ ഭാഗമായി ‘നാഷണല്‍ ഷ്രൈന്‍ ഓഫ് ഔര്‍ ലേഡി ഓഫ് കേപ്‌’ ദേവാലയത്തില്‍ വെച്ച് നടന്ന ആഘോഷത്തിന്റെ ഭാഗമായും രാജ്യത്തെ മാതാവിന് സമര്‍പ്പിച്ചിട്ടുണ്ട്. ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷിക വര്‍ഷത്തില്‍ തന്നെയാണ് ഇത്തവണ പുന:പ്രതിഷ്ഠ നടത്തിയെന്നത് ശ്രദ്ധേയമാണ്.


Related Articles »