News - 2025
യേശുനാമം മഹത്വപ്പെടുത്തിയ 'ഡെയര്‍ 2 ഷെയര്‍' വന്‍വിജയം
സ്വന്തം ലേഖകന്‍ 29-09-2017 - Friday
ഡെന്‍വെര്‍: അമേരിക്കന്‍ യുവത്വത്തെ സുവിശേഷ പ്രഘോഷണത്തിന് പരിശീലിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡെന്‍വറില്‍ സംഘടിപ്പിച്ച ആദ്യത്തെ തത്സമയ സുവിശേഷ പരിശീലന പരിപാടി ‘ഡെയര്‍ 2 ഷെയര്‍’ വന്‍വിജയമായി. യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ ഒന്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തതായാണ് കണക്കാക്കപ്പെടുന്നത്.
സെപ്റ്റംബര്‍ 23 ശനിയാഴ്ച അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള യുവജനങ്ങള്‍ നിശ്ചയിക്കപ്പെട്ട 69-ഓളം കേന്ദ്രങ്ങളില്‍ ഒന്നിച്ചുകൂടിയാണ് യേശു നാമം മഹത്വപ്പെടുത്തിയത്. 1999-ല്‍ സ്ഥാപിതമായ ‘ഡെയര്‍ 2 ഷെയര്‍’ അമേരിക്കയിലെ യുവതീയുവാക്കള്‍ക്കിടയില്‍ ശക്തമായ സുവിശേഷ പ്രഘോഷണ പരിപാടികളും, കോണ്‍ഫറന്‍സുകളുമാണ് സംഘടിപ്പിക്കുന്നത്.
സുവിശേഷവത്കരണത്തിനു വേണ്ട പുസ്തകങ്ങളും, ഉപകരണങ്ങളും ഇവര്‍ സംഭാവന ചെയ്യാറുണ്ട്. ഇതാദ്യമായാണ് ‘ഡെയര്‍ 2 ഷെയര്‍’ തത്സമയ സുവിശേഷ പരിശീലന സംപ്രേഷണ പരിപാടി സംഘടിപ്പിച്ചത്. സുഹൃത്തുക്കള്‍ക്കിടയിലും, സഹപാഠികള്‍ക്കിടയിലും സുവിശേഷം പ്രഘോഷിക്കുവാന്‍ യുവജനങ്ങളേയും, വിദ്യാര്‍ത്ഥികളേയും പരിശീലിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഡെയര്‍ 2 ഷെയറിന്റെ ഔദ്യോഗിക വക്താവായ ട്രേസി ഹാഡന്‍ പറഞ്ഞു. ഏറ്റവും ചുരുങ്ങിയത് ഒന്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയെ നാല് മേഖലകളായി തിരിച്ചുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നാലു മേഖലകളിലേയും വിവിധ കേന്ദ്രങ്ങളില്‍ ഒരേസമയം തന്നെ ഡെന്‍വെറില്‍ നിന്നുള്ള വചനപ്രഘോഷണത്തിന്റെയും ആരാധനയുടെയും തത്സമയ സംപ്രേഷണം ലഭ്യമാക്കിയിരുന്നു. അന്ന് റെക്കോര്‍ഡ് ചെയ്യപ്പെട്ട സുവിശേഷ പ്രഘോഷണവും മുഖാ-മുഖ സംഭാഷണങ്ങളും, സന്ദേശങ്ങളും പരിപാടി നടന്ന ദിവസം തന്നെ സാമൂഹ മാധ്യമങ്ങള്‍ വഴി ആയിരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ട്രേസി ഹാഡന്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്കിലെ യുവജനങ്ങള്‍ക്ക് കാലിഫോര്‍ണിയയിലെ യുവജനങ്ങളുമായി സംവദിക്കുവാനായി ഡെയര്‍ 2 ഷെയര്‍ ലൈവ് ‘ആപ്പും’ പുറത്തിറക്കിയിട്ടുണ്ട്. “ലെറ്റ്സ് ഗോ” എന്ന ഹാഷ്ടാഗ് വഴി സുവിശേഷ പ്രഘോഷണ പരിശീലനം ലഭിച്ച യുവജനങ്ങളും വിദ്യാര്‍ത്ഥികളും സമൂഹ മാധ്യമങ്ങളിലൂടെ ഭാവിയില്‍ അമേരിക്കയില്‍ സുവിശേഷത്തിന്റെ അലയടികള്‍ ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.