News - 2025
വത്തിക്കാന്റെ പരമോന്നത കോടതിയിലെ അംഗമായി കർദ്ദിനാൾ റെയ്മണ്ട് ബര്‍ക്കിനെ നിയമിച്ചു
സ്വന്തം ലേഖകന്‍ 02-10-2017 - Monday
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ഏറ്റവും ഉയർന്ന കോടതിയായ സുപ്രീം ട്രൈബ്യൂണല്‍ ഓഫ് അപ്പോസ്തോലിക് സിഗ്നറ്റൂറയിലെ അംഗമായി കർദ്ദിനാൾ റെയ്മണ്ട് ബര്‍ക്കിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. കാനന്‍ നിയമത്തില്‍ വിദഗ്ധനായ അദ്ദേഹം പരിശുദ്ധ സിംഹാസനത്തിന്റെ പരമോന്നത കോടതിയുടെ തലവനായി സേവനം ചെയ്തിരിന്നു. 2008 മുതൽ 2014 കാലയളവിലാണ് അദ്ദേഹം സേവനം ചെയ്തത്. 2014-ല്‍ ഈ സ്ഥാനത്തു നിന്നു അദ്ദേഹത്തെ നീക്കം ചെയ്യുകയായിരിന്നു. തുടര്‍ന്നു ഓർഡർ ഓഫ് ദി നൈറ്റ്സ് ഓഫ് മാൾട്ടയുടെ തലവനായി അദ്ദേഹം നിയമിതനായി.
ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരീസ് ലെത്തീസിയാ'യുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തിയ നാലു കര്‍ദ്ദിനാളുമാരില്‍ ഒരാളാണ് റെയ്മണ്ട് ബര്‍ക്ക്. പുതിയ ദൗത്യം നല്‍കികൊണ്ടുള്ള നിയമന ഉത്തരവ് ശനിയാഴ്ചയാണ് വത്തിക്കാന്‍ പരസ്യപ്പെടുത്തിയത്. കർദ്ദിനാൾ അഗസ്റ്റിനോ വാലിനി, കർദ്ദിനാൾ എഡോറാർഡോ മെനിഷെല്ലി, എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ട മറ്റു അംഗങ്ങൾ. 2004-2008 കാലയളവില്‍ കർദ്ദിനാൾ വാലിനി അപ്പോസ്തോലിക് സിഗ്നറ്റൂറയുടെ പ്രീഫെക്ട് ആയി സേവനം ചെയ്തിരിന്നു. ഇവരെ കൂടാതെ മോണ്‍സിഞ്ഞോര്‍ ഫ്രാൻസ് ഡാനെൽസും മോണ്‍സിഞ്ഞോര്‍. ജൊഹാനസ് വില്ലീപോർഡസ് മരിയ ഹെൻഡ്രിക്സും ട്രൈബ്യുണലിൽ അംഗങ്ങളാണ്.