India - 2025
ഫാ. ടോമിനു ഇന്ന് തലസ്ഥാനത്ത് ആദരം
സ്വന്തം ലേഖകന്‍ 03-10-2017 - Tuesday
തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയ ഫാ.ടോം ഉഴുന്നാലില്‍ ഇന്നു തലസ്ഥാനത്തു കേരളജനതയുടെ ആദരവ് ഏറ്റുവാങ്ങും. രാവിലെ 11.30ന് പട്ടം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെ സന്ദര്‍ശിക്കും. ഉച്ചഴിഞ്ഞു തിരുവനന്തപുരത്തെ സലേഷ്യന്‍ ഭവനത്തിലെത്തുന്ന അദ്ദേഹം വൈകുന്നേരം അഞ്ചിന് നാലാഞ്ചിറ മാര്‍ ഈവാനിയോസ് വിദ്യാ നഗറിലുള്ള ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേരളജനതയുടെ ആദരവ് ഏറ്റുവാങ്ങും.
മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മേയര്‍ വി.കെ. പ്രശാന്ത്, ശിവഗിരി മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മലങ്കര കത്തോലിക്കാ സഭാ സഹായമെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിക്കും. ഫാ. ടോം ഉഴുന്നാലില്‍ മറുപടി പ്രസംഗം നടത്തും. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയുമായി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തും. ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ചശേഷമായിരിക്കും ഫാ.ടോം ഉഴുന്നാലില്‍ മടങ്ങുക.
