News - 2025
ഫ്രാന്‍സിസ് പാപ്പായെ തായ്‌വാനിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രസിഡന്റ് സായി ഇങ്ങ്-വെന്‍
സ്വന്തം ലേഖകന്‍ 04-10-2017 - Wednesday
റോം: തായ്‌വാന്‍ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പായെ ക്ഷണിച്ചുകൊണ്ട് പ്രസിഡന്റ് സായി ഇങ്ങ്-വെന്‍. സമഗ്ര മാനവ വികസനത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ സമിതിയുടെ തലവനായ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് തായ്‌വാന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് പാപ്പായെ ക്ഷണിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് നാലാം തവണയാണ് ഇങ്ങ്-വെന്‍ ഫ്രാന്‍സിസ് പാപ്പായെ തായ്‌വാനിലേക്ക് ക്ഷണിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ 7 വരെ കാവോഹ്സിയുങ്ങില്‍ വെച്ച് നടക്കുന്ന 24മത് ലോക ഓഷ്യന്‍ അപ്പസ്തോലിക കോണ്‍ഗ്രസ്സില്‍ അധ്യക്ഷത വഹിക്കുവാനായി തായ്‌വാനിലെത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
പ്രസിഡന്റിന്റെ ഓഫീസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ തായ്‌വാനും വത്തിക്കാനും തമ്മില്‍ അടുത്തബന്ധമാണുള്ളതെന്ന് പ്രസിഡന്റ് പറഞ്ഞു. സാമ്പത്തിക കൈമാറ്റം, ഭീകരവാദത്തിനെതിരെയുള്ള സംയുക്ത പോരാട്ടം തുടങ്ങിയ വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള ധാരണാപത്രങ്ങളില്‍ ഒപ്പിട്ടതുള്‍പ്പെടെ ഉഭയകക്ഷിബന്ധത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇരുവരും പറഞ്ഞു. അടുത്ത കാലങ്ങളിലായി വത്തിക്കാനില്‍ നിന്നും നിരവധി മുതിര്‍ന്ന കര്‍ദ്ദിനാള്‍മാരും മെത്രാന്‍മാരും തായ്‌വാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തായ്പേയില്‍ നിന്നും മൂന്നോളം ഉന്നതോദ്യോഗസ്ഥര്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
50 രാജ്യങ്ങളില്‍ നിന്നുമായി ഏതാണ്ട് 250ല്‍പരം പ്രഗല്‍ഭരും, പണ്ഡിതന്‍മാരും 24മത് ലോക ഓഷ്യന്‍ അപ്പസ്തോലിക കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സ്യബന്ധന വ്യവസായത്തിലെ തൊഴില്‍ ചൂഷണത്തെക്കുറിച്ചായിരിക്കും അപ്പസ്തോലിക കോണ്‍ഗ്രസിലെ പ്രധാന ചര്‍ച്ചകള്‍. തായ്‌വാനിലെത്തിയ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ ഡോക്ടറേറ്റ് നല്‍കി ആദരിക്കുമെന്ന് ഫു ജെന്‍ കത്തോലിക്കാ സര്‍വ്വകലാശാല പ്രഖ്യാപിച്ചിട്ടുണ്ട്.