News - 2024

മാര്‍പാപ്പയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്‍റെ എണ്ണം നാലു കോടിയായി: ഇന്‍സ്റ്റഗ്രാമില്‍ 5 മില്യണ്‍

സ്വന്തം ലേഖകന്‍ 12-10-2017 - Thursday

വത്തിക്കാന്‍ സിറ്റി: പ്രസിദ്ധ മൈക്രോബ്ലോഗിംഗ് സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ പിന്തുടരുന്നവരുടെ എണ്ണം നാലു കോടിയായി. 2012 ഡിസംബർ മൂന്നിന് ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ ആരംഭിച്ച പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടായ @pontifex ഒന്‍പതു ഭാഷകളിലുണ്ട്. ഇവയിലെല്ലാം കൂടിയുള്ള ഫോളോവേഴ്‌സിന്റെ എണ്ണമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടുകളിലൊന്നായി @pontifex മാറിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം പുതുതായി 90 ലക്ഷം ഫോളോവേഴ്‌സ് മാര്‍പാപ്പയ്ക്കുണ്ടായി. പാപ്പയുടെ ഓരോ ട്വീറ്റും ലക്ഷകണക്കിന് ആളുകളിലേക്ക് റീട്വീറ്റ് ചെയ്യപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പാപ്പയുടെ ട്വിറ്റർ അക്കൗണ്ടിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വന്‍വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ @Franciscus എന്ന ഇൻസ്റ്റഗ്രാമിലെ അക്കൗണ്ടിനെ പിന്തുടരുന്നത് അന്‍പതു ലക്ഷം പേരാണ്. ഇതിലും വലിയ വര്‍ദ്ധനവാണ് കാണുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 8ലക്ഷം ഫോളോവേഴ്സാണ് പുതുതായി പാപ്പയെ പിന്തുടരുന്നത്.

നാലുകോടിയിലേറെ അനുയായികള്‍ പാപ്പായുടെ ട്വിറ്റര്‍ വായിക്കുന്നു എന്നു പറയുമ്പോള്‍, അത്രയും പേരുടെ ഹൃദയങ്ങളെ, ബുദ്ധിയെ വൈകാരികതയെ പാപ്പയുടെ ട്വീറ്റുകള്‍ സ്വാധീനിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടതെന്ന്‍ വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് മോണ്‍. എഡ്വാര്‍ദോ വിഗണോ പറഞ്ഞു. സോഷ്യല്‍ മീഡിയായുടെ ഉപയോഗത്തില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവാണെന്നും ഓരോ ട്വീറ്റും ആവര്‍ത്തിച്ച് വിലയിരുത്തിയതിന് ശേഷമേ പബ്ലിഷ് ചെയ്യാറുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »