News - 2024

മധ്യപൂര്‍വ്വേഷ്യയിലെ ഫ്രാൻസിസ്കൻ സഭ എണ്ണൂറ് വർഷങ്ങളുടെ നിറവിൽ

സ്വന്തം ലേഖകന്‍ 12-10-2017 - Thursday

ജെറുസലേം: സേവനത്തിന്റെയും ത്യാഗത്തിന്റെയും പൂര്‍ണ്ണതയുമായി ഫ്രാൻസിസ്കൻ സഭ മദ്ധ്യപൂർവേഷ്യയില്‍ തങ്ങളുടെ സേവനം ആരംഭിച്ചിട്ട് എണ്ണൂറ് വർഷങ്ങൾ. എട്ടു നൂറ്റാണ്ടിന്റെ പാരമ്പര്യവും പ്രവര്‍ത്തനങ്ങളും അനുസ്മരിച്ച് ജെറുസലേമിലെ സെന്‍റ് ഫ്രാന്‍സിസ്കന്‍ ദേവാലയത്തില്‍ ത്രിദിന സമ്മേളനത്തോടെ വാര്‍ഷികാഘോഷം നടത്തപ്പെടും. ദൈവപരിപാലനയുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നതാണ് കഴിഞ്ഞ കാലയളവെന്ന്‍ വിശുദ്ധ നാട്ടിലെ ഫ്രാന്‍സിസ്കന്‍ സഭയുടെ തലവനായ ഫാ. ഫ്രാൻസിസ്കോ പാറ്റൺ പറഞ്ഞു. ദൈവീക വിശ്വസ്തതയും പരിപാലനവും നന്മയും പ്രകടമാക്കിയ വർഷങ്ങളാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയുടെ മിനിസ്റ്റര്‍ ജനറല്‍ ഫാ.മിഖായേൽ പെറി ഒക്ടോബർ 16 ന് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. പൗരസ്ത്യസഭകളുടെ വത്തിക്കാൻ സമിതിയുടെ തലവനായ കർദ്ദിനാൾ ലിയണാർഡോ സാന്ദ്രി ഫ്രാൻസിസ്കൻ സഭയുടെ സംഭാവനകളെക്കുറിച്ച് ഒക്ടോബർ 17നും പ്രത്യേക പ്രഭാഷണം നടത്തും. പിറ്റേദിവസം ഫ്രാൻസികൻ സഭയുടെ വിളിയും ദൗത്യവും സമ്മേളനത്തിൽ ചർച്ച ചെയ്യും. ജൂണിൽ അക്രയിലെ തീർത്ഥാടനത്തോടെ ആരംഭിച്ച വാർഷികാഘോഷങ്ങളിൽ സഭാചരിത്രത്തെ അനുസ്മരിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കിയിരിന്നു.

1217-ല്‍ ആണ് ഫ്രാന്‍സിസ്കന്‍ സഭാംഗമായ ഏലിയ ഡ കോർട്ടോണയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യമായി മധ്യപൂര്‍വ്വേഷ്യയില്‍ എത്തുന്നത്. തദ്ദേശീയരുടെ സഹകരണത്തോടെ ക്രൈസ്തവ പ്രാധാന്യമേറിയ സ്ഥലങ്ങൾ സംരക്ഷിക്കാന്‍ സന്യസ്ഥസമൂഹം കാര്യമായ ഇടപെടലാണ് നടത്തുന്നത്. ക്രിസ്തു നേടി തന്ന രക്ഷയുടെ ചരിത്രം ലോകമെങ്ങും പ്രഘോഷിക്കപ്പെടാൻ ക്രൈസ്തവസഭയുടെ വലിയ ഉപകരണമായി പ്രവർത്തിക്കുകയാണ് ഇന്ന് ഫ്രാന്‍സിസ്കൻ സമൂഹം.


Related Articles »