News - 2025
മാര്‍പാപ്പയുടെ ഏഷ്യന്‍ സന്ദര്‍ശനം: രോഹിംഗ്യന്‍ വിഷയം ചര്‍ച്ചയാകും
സ്വന്തം ലേഖകന്‍ 17-10-2017 - Tuesday
ധാക്ക: അടുത്ത മാസം നവംബര്‍ 27 മുതല്‍ ഡിസംബര്‍ രണ്ടു വരെ നടക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ മ്യാന്മര്‍, ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ രോഹിംഗ്യകളുടെ പീഡനങ്ങളും അഭയാര്‍ത്ഥി പ്രശ്‌നങ്ങളും പ്രധാന ചര്‍ച്ചാവിഷയമായേക്കും. മ്യാന്മാര്‍, ബംഗ്ലാദേശ് പ്രസിഡന്റുമാര്‍ അടക്കമുള്ളവരുമായി നടത്തുന്ന പ്രത്യേക കൂടിക്കാഴ്ചകളിലും സമാധാന സമ്മേളനത്തിലും രോഹിംഗ്യകളുടെ പ്രശ്‌നം മാര്‍പാപ്പ ഉന്നയിച്ചേക്കും.
നവംബര്‍ 27ന് ഉച്ചകഴിഞ്ഞ് 1.30ന് മ്യാന്മറിലെ പ്രധാന നഗരമായ യാംഗൂണിലെത്തുന്ന മാര്‍പാപ്പ പിന്നീട് തലസ്ഥാനമായ നായിപിഡോയും സന്ദര്‍ശിക്കും. 30 മുതല്‍ ഡിസംബര്‍ രണ്ടു വരെയാണ് ബംഗ്ലാദേശ് സന്ദര്‍ശനം. ബുദ്ധമത വിശ്വാസികള്‍ക്കു ഭൂരിപക്ഷമുള്ള മ്യാന്മറിലെ കൊടിയ പീഡനങ്ങളെത്തുടര്‍ന്ന് അഞ്ചു ലക്ഷത്തോളം രോഹിംഗ്യകള്‍ ബംഗ്ലാദേശും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
മ്യാന്മര്‍ പട്ടാളത്തിന്റെയും പോലീസിന്റെയും പിന്തുണയോടെ രോഹിംഗ്യകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ അയവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മ്യാന്മര്‍, തായ്ലന്‍ഡ്, കംബോഡിയ, ലാവോസ് രാജ്യങ്ങളുടെ ചുമതലയുള്ള വത്തിക്കാന്‍ നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് പോള്‍ ഷാംഗ് ഇന്‍ നാം ആണ് മ്യാന്‍മര്‍ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നത്. 30ന് ധാക്കയിലെത്തുന്ന മാര്‍പാപ്പയുടെ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത് ബംഗ്ലാദേശിലെ വത്തിക്കാന്റെ നൂണ്‍ഷ്യോയും മലയാളിയുമായ ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് കോച്ചേരിയാണ്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ധാക്കയില്‍ മാര്‍പാപ്പയുടെ പരിപാടിയില്‍ പങ്കെടുത്തേക്കും.