News - 2025

ഫിലിപ്പീന്‍സ് കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ വിഡാല്‍ വിടവാങ്ങി

സ്വന്തം ലേഖകന്‍ 19-10-2017 - Thursday

സെബു സിറ്റി: ഫിലിപ്പീന്‍സിലെ സെബു അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഇരുപത്തിയൊന്‍പത് വര്‍ഷത്തോളം സേവനമനുഷ്ഠിച്ച കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ വിഡാല്‍ അന്തരിച്ചു. 86 വയസ്സായിരിന്നു. വാര്‍ദ്ധക്യസംബന്ധമായ രോഗങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരിന്നു. 2011ലാണു അദ്ദേഹം തന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും വിരമിച്ചത്. 1971-ല്‍ മാലോലോസ് രൂപതയുടെ സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. 2 വര്‍ഷങ്ങള്‍ക്ക് ശേഷം ലിപ രൂപതയുടെ മെത്രാനായി നിയമിതനായി.

1985-ല്‍ അന്നത്തെ മാര്‍പാപ്പയായിരിന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 1986ല്‍ ഫെര്‍ഡിനാന്ഡ്ഫ മാര്‍കോസിനെ അധികാരഭ്രഷ്ടനാക്കിയ ജനകീയ വിപ്ലവത്തെ കര്‍ദ്ദിനാള്‍ പരസ്യമായി അനുകൂലിച്ചിരുന്നു. നിരവധി സമാധാന ചര്‍ച്ചകളില്‍ അദ്ദേഹം നിര്‍ണ്ണായകമായ പങ്കുവഹിച്ചിരിന്നു.

1989ല്‍ പ്രസിഡന്റ് കോറസോണ്‍ അക്വീനോയുടെ ഭരണകൂടത്തിനെതിരേ പൊരുതിയ ജനറല്‍ ഹൊസേ കമന്‍ഡാഡോറെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചതു കര്‍ദ്ദിനാള്‍ വിഡാലാണ്. 2001ലെ ജനകീയ വിപ്ലവ കാലത്ത് പ്രസിഡന്റ് ജോസഫ് എഡ്ട്രാഡയെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചതിലും പിന്നീട് എക്ട്രാഡയ്ക്കു മാപ്പ് നല്‍കാന്‍ പ്രസിഡന്റ് അരോയോയെ സ്വാധീനിച്ചതിലും കര്‍ദ്ദിനാള്‍ വലിയ പങ്ക് വഹിച്ചു.

കര്‍ദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. സംഭാഷണത്തിന്റെ വക്താവായിരിന്നു കര്‍ദ്ദിനാള്‍ റിക്കാര്‍ഡോയെന്ന്‍ ഫ്രാന്‍സിസ് പാപ്പ അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി. കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ വിടവാങ്ങിയതോടെ ആകെയുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം 219ആയി. ഇതില്‍ 120 പേര്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കുവാന്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ അവകാശമുള്ളവരാണ്.


Related Articles »