News - 2025
പുനര്‍വിവാഹിതരുടെ ദിവ്യകാരുണ്യ സ്വീകരണം: സഭയുടെ പാരമ്പര്യ പ്രബോധനങ്ങളെ പിന്തുടരുമെന്ന് പോളിഷ് മെത്രാന്‍ സമിതി
സ്വന്തം ലേഖകന്‍ 19-10-2017 - Thursday
വാര്‍സോ: പുനര്‍വിവാഹിതരുടെ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ കാര്യത്തില്‍ തിരുസഭ കാലാകാലങ്ങളായി അനുസരിക്കുന്ന പ്രബോധനങ്ങളെ പിന്തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പോളണ്ടിലെ മെത്രാന്‍ സമിതി. കുടുംബങ്ങളെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹീകാഹ്വാനമായ അമോരിസ് ലെത്തീസ്യായെ പറ്റി ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പോളണ്ടിലെ മെത്രാന്‍മാര്‍ ഈ സ്ഥിരീകരണം നടത്തിയിരിക്കുന്നത്. തിരുസഭ പ്രബോധനമനുസരിച്ച് പുനര്‍വിവാഹിതര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണത്തിന് അനുവാദമില്ല എന്ന കാര്യത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലായെന്നും സമിതി പ്രഖ്യാപിച്ചു.
പുനര്‍വിവാഹിതരുടെ കാര്യത്തില്‍ സഭ പരമ്പരാഗതമായി പിന്തുടര്‍ന്നുവന്നിരുന്ന കാര്യങ്ങളെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പുനസ്ഥിരീകരണം നടത്തിയ കാര്യവും, ഇതിനെക്കുറിച്ച് 1994-ല്‍ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍ (ബനഡിക്ട് പതിനാറാമന്‍ പാപ്പ) മെത്രാന്‍മാര്‍ക്കെഴുതിയ കത്തിലെ കാര്യവും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം വിവാഹബന്ധം വേര്‍പെടുത്തിയവരെ പുരോഹിതര്‍ ഒരിക്കലും അവഗണിക്കരുതെന്നും അവര്‍ക്ക് തങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്ന് തോന്നാത്തവിധം പുരോഹിതര്‍ യുക്തിപൂര്‍വ്വം പെരുമാറണമെന്നും പോളിഷ് മെത്രാന്‍ സമിതിയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്.
'വിവാഹമോചനം നേടിയതിനു ശേഷം പുനര്‍വിവാഹം നടത്തിയവരുടെ കാര്യത്തില്‍ വിശുദ്ധ ലിഖിതങ്ങളെ ആസ്പദമാക്കി പിന്തുടര്‍ന്നുവന്നിരുന്ന ആചാരത്തെ തിരുസഭ വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നു. പരിശുദ്ധ ദിവ്യകാരുണ്യത്തിലൂടെ എടുത്ത് കാണിക്കപ്പെടുന്ന ക്രിസ്തുവിന്റേയും തിരുസഭയുടേയും സ്നേഹമാകുന്ന ഐക്യത്തോട് നിരക്കാത്ത അവസ്ഥയിലാണെന്നതിനാല്‍ അവര്‍ക്ക് പരിശുദ്ധ ദിവ്യകാരുണ്യ സ്വീകരണത്തിന് അനുവാദമില്ല.' മെത്രാന്‍ സമിതിയുടെ രേഖയില്‍ പറയുന്നു.
പോളിഷ് മെത്രാന്‍ സമിതിയുടെ സ്ഥിരീകരണ രേഖയുടെ പൂര്‍ണ്ണരൂപം ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും ഇതിന്റെ പ്രസക്തഭാഗങ്ങള്‍ ‘ലാ നുവോവാ ബുസോള ക്വോട്ടിഡിയാന’ എന്ന ഇറ്റാലിയന്‍ പത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്.