News - 2025

ദൈവ വിശ്വാസം പോര്‍മുഖത്തെ അവിഭാജ്യ ഘടകമെന്ന് മുന്‍ അമേരിക്കന്‍ ജനറല്‍

സ്വന്തം ലേഖകന്‍ 22-10-2017 - Sunday

വാഷിംഗ്ടണ്‍: അമേരിക്കന്‍ സായുധ സൈന്യത്തിന് പ്രാര്‍ത്ഥനയും വിശ്വാസവും എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു വെളിപ്പെടുത്തുന്ന ഫേസ്ബുക്ക്‌ പോസ്റ്റുമായി റിട്ടയേര്‍ഡ് ലെഫ്. ജെനറല്‍ ജെറി ബോയ്‌കിന്‍. അമേരിക്കന്‍ ആര്‍മിയുടെ ഡെല്‍റ്റാ ഫോഴ്സിന്റെ ആരംഭകാല അംഗമായിരുന്നു ജെറി ബോയ്കിന്‍ ദൈവ വിശ്വാസം പോര്‍മുഖത്തെ അവിഭാജ്യ ഘടകമെന്നാണ് വിശേഷിപ്പിച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ ദൈവവിശ്വാസത്തിന് വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നു ക്രൈസ്തവ വിശ്വാസവും പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്ന അമേരിക്കയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ജെറി ബോയ്കിന്‍ പറഞ്ഞു.

1980 ഏപ്രില്‍ 24-ന്‍ ഈജിപ്തിലെ വാദി കെനിയായില്‍ വെച്ചെടുത്ത ഫോട്ടോയും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു. ഇറാനിലെ ഇസ്ലാമിക തീവ്രവാദികള്‍ ബന്ധികളാക്കിയ 52 അമേരിക്കക്കാരുടെ രക്ഷാ ദൗത്യം ആരംഭിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡെല്‍റ്റാ ഫോഴ്സംഗങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ഫോട്ടോ ആണത്. “സ്റ്റേജില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന ആള്‍ ഞാനാണ്. ഞാന്‍ മുന്‍പില്‍ നില്‍ക്കുന്നതിന്റെ കാരണം ഞങ്ങള്‍ സുരക്ഷിതരായി തിരിച്ചുവരുന്നതിനു വേണ്ടിയുള്ള പ്രാര്‍ത്ഥന ഞാനാണ് നയിക്കുന്നത്” ബോയ്കിന്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.

പ്രാര്‍ത്ഥന ആരുടെയെങ്കിലും മതവികാരങ്ങളെ വൃണപ്പെടുത്തുമോ എന്നോര്‍ത്ത് അക്കാലത്ത് ഞങ്ങള്‍ വിഷമിച്ചിരുന്നില്ല. എന്നാല്‍ അക്കാലത്തും അമേരിക്കന്‍ സൈന്യത്തിനിടയില്‍ തന്നെ ക്രിസ്ത്യന്‍ വിരുദ്ധ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നു. ദൈവ വിശ്വാസം പോര്‍മുഖത്തെ അവിഭാജ്യ ഘടകമെന്ന് തന്റെ അനുയായികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടും മതസ്വാതന്ത്ര്യമെന്ന ആശയം പുനസ്ഥാപിക്കുവാന്‍ വേണ്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടുമാണ് ലെഫ്. ജെനറല്‍ ജെറി ബോയ്‌കിന്‍ തന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്.

ഇപ്പോഴത്തെ വാല്യൂ വോട്ടര്‍ ഉച്ചകോടിയുടെ പ്രായോജകരില്‍ ഒന്നായ ഫാമിലി റേസര്‍ച്ച് കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സേവനം ചെയ്തുവരികയാണ് ജെറി ബോയ്‌കിന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായിരുന്നു വാല്യൂ വോട്ടര്‍ ഉച്ചകോടിയുടെ മുഖ്യ പ്രഭാഷകന്‍. അമേരിക്ക ക്രിസ്ത്യന്‍ മൂല്യങ്ങളിലേക്ക് മടങ്ങുമെന്ന് ഉച്ചകോടിയില്‍ ട്രംപ് പറഞ്ഞിരിന്നു.


Related Articles »