News - 2024

ബധിരർക്ക് സൈന്‍ ഭാഷയില്‍ പ്രാർത്ഥിക്കാന്‍ ആപ്ലിക്കേഷനുമായി ഫിലാഡെല്‍ഫിയ അതിരൂപത

സ്വന്തം ലേഖകന്‍ 23-10-2017 - Monday

വത്തിക്കാൻ സിറ്റി: കേൾവി വൈകല്യമുള്ളവർക്കായി സൈന്‍ ഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതിനു സഹായകരമായ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ഫിലാഡെല്‍ഫിയ അതിരൂപതാ നേതൃത്വമാണ് 'റിലീജിയസ് സൈൻസ് ഫോർ ഫാമിലീസ് 'എന്ന പേരില്‍ വേറിട്ട ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. അടയാളങ്ങളെ അടിസ്ഥാനമാക്കി പഠിപ്പിക്കുന്നതിനാൽ പ്രാര്‍ത്ഥന പ്രതിനിധാനം ചെയ്യുന്ന ഓരോ വാക്കുകളെ മനസ്സിലാക്കാനും അതുവഴി പ്രാർത്ഥന അർത്ഥപൂർണമാക്കാനും സാധിക്കുമെന്നാണ് രൂപതയുടെ പ്രതീക്ഷ. ബധിരരെ പ്രാർത്ഥിക്കാൻ സഹായിക്കുന്ന ഫിലാഡല്‍ഫിയ അതിരൂപതയിലെ ദൈവമാതാവിന്റെ വിമലഹൃദയ കോണ്‍ഗ്രിഗേഷനിലെ സിസ്റ്റര്‍ കാത്തലിൻ ഷിപ്പാനിയുടേതാണ് ആശയം.

ആപ്ലിക്കേഷന്‍റെ സഹായത്തോടെ അടയാള ഭാഷ പഠിക്കുക വഴി കത്തോലിക്ക പ്രാർത്ഥനകളും വിശ്വാസ തത്വങ്ങളും എളുപ്പത്തില്‍ മനസ്സിലാക്കാൻ ബധിരസഹോദരങ്ങള്‍ക്ക് സാധിക്കുമെന്ന് സി. ഷിപ്പാനി പറഞ്ഞു. കുടുംബാംഗങ്ങളാണ് സാധാരണയായി കുഞ്ഞുങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുക. ദൈവിക കൃപാകടാക്ഷങ്ങൾക്കും സംരക്ഷണത്തിനുമായി മാതാപിതാക്കൾ ഉരുവിടുന്ന പ്രാർത്ഥനകളാണ് കുട്ടികൾ ഹൃദ്യസ്ഥമാക്കുക. എന്നാൽ ജന്മനാ ബധിരരായവർക്ക് അത്തരമൊരുവസരം ലഭ്യമല്ല.

അടയാള ഭാഷ പഠിക്കുക വഴി കത്തോലിക്ക പ്രാർത്ഥനകളും വിശ്വാസങ്ങളും മനസ്സിലാക്കാൻ അവർക്ക് സാധിക്കും. നവ സവിശേഷവത്കരണ സാധ്യതകൾ വിലയിരുത്തുന്ന പൊന്തിഫിക്കൽ കൗൺസിലിന്റെ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവര്‍. ഫിലാഡെൽഫിയ അതിരൂപതയുടെ വൈകല്യമുള്ളവർക്കായി നടത്തപ്പെടുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയാണ് സിസ്റ്റര്‍ ഷിഫാനി.

മറ്റ് ശബ്ദങ്ങളില്ലാത്ത അവസ്ഥയില്‍ ബധിരരുടേത് ആഴമായ പ്രാർത്ഥനാ അനുഭവമാണ്. ശബ്ദങ്ങളോ ചിത്രങ്ങളോ കൂടാതെ കരചലനങ്ങളിലൂടെയാണ് അവരുടെ പ്രാർത്ഥന. ബധിരർക്കു വിശ്വാസ പരീലനം നൽകാൻ നിലവിലെ ഏക മാർഗ്ഗമാണിതെന്നും സിസ്റ്റര്‍ കൂട്ടിച്ചേർത്തു. അടയാളങ്ങൾ അടിസ്ഥാനമായ ഭാഷയിൽ അനേകം ആപ്ലിക്കേഷൻ നിലവിലുണ്ടെങ്കിലും ക്രൈസ്തവപരമായ പ്രാർത്ഥനകൾ ഉൾകൊള്ളിച്ച് പുറത്തിറക്കുന്ന പുതിയ ആപ്പാണ് 'റിലീജിയസ് സൈൻസ് ഫോർ ഫാമിലീസ് '. ഐ ട്യൂൺസ് ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും നവംബർ മുതൽ ആപ്ലിക്കേഷന്‍ ലഭ്യമാകും.


Related Articles »