News - 2025
ദേശീയ കത്തോലിക്ക യുവജനസംഗമം ഫിലിപ്പീന്‍സില്‍ ആരംഭിച്ചു
സ്വന്തം ലേഖകന്‍ 09-11-2017 - Thursday
മനില: രാജ്യത്തെ രണ്ടായിരത്തിഅഞ്ഞൂറില് അധികം കത്തോലിക്ക യുവജനങ്ങള്‍ പങ്കെടുക്കുന്ന യുവജനസംഗമത്തിന് ഫിലിപ്പീന്‍സില്‍ തുടക്കമായി. യുവജനങ്ങള്‍ മാറ്റത്തിന്റെയും നവീകരണത്തിന്റെയും പ്രയോക്താക്കളാകണമെന്ന സന്ദേശവുമായിട്ടാണ് തെക്കു-പടിഞ്ഞാറന്‍ ദ്വീപായ മിന്‍ഡാനോയിലെ സംബോങ്കയില് അഞ്ചുദിവസത്തെ യുവജനസംഗമം നടക്കുന്നത്. നവംബര്‍ ആറിനാണ് സംഗമം ആരംഭിച്ചത്. ഫിലിപ്പീന്‍സ് ജനാധിപത്യ രാഷ്ട്രമാണെങ്കിലും മിലിട്ടറി നിയമം നിലവിലുള്ള സംബോങ്കയില് സ്വാതന്ത്ര്യത്തിന്റെ സന്ദേശവുമായിട്ടാണ് കത്തോലിക്ക യുവജനങ്ങള്‍ സമ്മേളിച്ചിരിക്കുന്നത്.
യുവത്വത്തിന്റെ മനോഹാരിത ആസ്വദിക്കുവാനും, മനുഷ്യന്റെ ആത്മീയചേതന നന്മയ്ക്കുള്ള ചാലകശക്തിയായി ഉള്‍ക്കൊണ്ട് സമൂഹത്തില്‍ മാറ്റത്തിന്റെ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ യുവജനങ്ങള്‍ക്ക് കരുത്തുണ്ടെന്നും സംഗമത്തിന് നേതൃത്വം നല്കുന്ന പ്രാദേശിക മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് റോമുളോ തൊലന്തീനോ പ്രസ്താവിച്ചു. കൂട്ടായ പ്രാര്‍ത്ഥനയിലൂടെയും പങ്കുവയ്ക്കലിലൂടെയും ദൈവത്തെ അറിയുന്ന യുവജനങ്ങള്‍ ആ നന്മയും സ്നേഹവും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കാന് ഇടയാക്കുമെന്നും ആര്‍ച്ചുബിഷപ്പ് കൂട്ടിച്ചേര്‍ത്തു. യുവജന സംഗമം നാളെ സമാപിക്കും.