News - 2024

അജപാലന ആസൂത്രണം: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ത്രിദിന സമ്മേളനം ഇന്ന് ആരംഭിക്കും

സ്വന്തം ലേഖകന്‍ 20-11-2017 - Monday

പ്രസ്റ്റണ്‍: അടുത്ത അഞ്ചു വര്‍ഷങ്ങളിലെ അജപാലന ആസൂത്രണത്തിനായും കര്‍മപരിപാടികള്‍ രൂപം നല്‍കുന്നതിനുമായുള്ള ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ത്രിദിന സമ്മേളനം ഇന്ന് ആരംഭിക്കും. വെയില്‍സിലെ ന്യു ടൗണിലെ കെഫെന്‍ലി പാര്‍ക്കില്‍ വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ വൈദികരും സന്യസ്തരും അല്മായരുമായി 250 പ്രതിനിധികള്‍ പങ്കെടുക്കും.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ.ഡോ. തോമസ് പാറയടിയില്‍, ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ.ഡോ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. ഫാന്‍സുവ പത്തില്‍, ഫാ. അരുണ്‍ കലമറ്റത്തില്‍, റവ. ഡോ. ടോണി പഴയകളം സിഎസ്ടി എന്നിവരുടെ നേതൃത്വത്തിലാണു സമ്മേളനം നടത്തുന്നത്.

സീറോ മലബാര്‍ സഭയുടെ ആരാധനക്രമത്തെക്കുറിച്ച് റവ. ഡോ. പോളി മണിയാട്ടും ആധ്യാത്മികതയെക്കുറിച്ച് റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കലും ചരിത്രത്തെക്കുറിച്ച് റവ. ഡോ. ചെറിയാന്‍ വാരികാട്ടും ശിക്ഷണക്രമത്തെക്കുറിച്ച് റവ. ഡോ. സണ്ണി കോക്കരവാലായില്‍ എസ് ജെയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്നു പൊതുചര്‍ച്ചകളും ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകളും അതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് അവതരണങ്ങളും ഉണ്ടായിരിക്കും.

ആലോചനായോഗത്തിന് അടിസ്ഥാന ചിന്തകള്‍ നല്‍കുന്നതിനായി ‘ലിവിംഗ് സ്‌റ്റോണ്‍സ്’ എന്ന പേരില്‍ ഒരു മാസം മുമ്പ് കരട് രേഖ രൂപത പുറത്തിറക്കിയിരുന്നു. എട്ട് വിവിധ റീജിയണുകളിലായി ആദ്യ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ ഇത് എല്ലാ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ നല്‍കിയ നിര്‍ദേശങ്ങളും ചേര്‍ത്തു തയാറാക്കിയ പ്രവര്‍ത്തന രേഖ ഫാ. ജോയി വയലില്‍ സിഎസ്ടി, റവ.ഡോ. ആന്റണി ചുണ്ടലിക്കാട്ട്, സിസ്റ്റര്‍ മേരി ആന്‍ സിഎംസി എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കും.

പ്രവര്‍ത്തന രേഖ അനുസരിച്ച് ഒന്നാമത്തെ വര്‍ഷം കുട്ടികള്‍ക്കും രണ്ടാമത്തെ വര്‍ഷം യുവജനങ്ങള്‍ക്കും മൂന്നാമത്തെ വര്‍ഷം ദമ്പതികള്‍ക്കും നാലാമത്തെ വര്‍ഷം കുടുംബകൂട്ടായ്മ യൂണിറ്റുകള്‍ക്കും അഞ്ചാമത്തെ വര്‍ഷം ഇടവക ജീവിതത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ സമൃദ്ധമായി ഉണ്ടാകുന്നതിനായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.


Related Articles »