News - 2025

പാപ്പയെ കാണാൻ അഞ്ഞൂറ് കിലോമീറ്റര്‍ സൈക്കിള്‍ യാത്രയുമായി മിഷ്ണറി വൈദികനും സംഘവും

സ്വന്തം ലേഖകന്‍ 29-11-2017 - Wednesday

ധാക്ക: ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനം നാളെ ആരംഭിക്കാനിരിക്കെ പാപ്പയെ കാണാന്‍ അഞ്ഞൂറ് കിലോമീറ്റര്‍ സൈക്കിളില്‍ യാത്രചെയ്തു മിഷ്ണറി വൈദികനും സംഘവും. ഇറ്റാലിയന്‍ വൈദികനായ ഫാ. അൽമിർ ട്രിന്‍ഡാഡേയും രണ്ട് സഹപ്രവർത്തകരുമാണ് മാർപാപ്പയെ കാണാൻ വടക്കൻ ബംഗ്ലാദേശിൽ നിന്നു കിലോമീറ്ററുകളോളം സൈക്കിൾ യാത്ര ചെയ്ത് ധാക്കയ്ക്കു സമീപം എത്തിചേര്‍ന്നിരിക്കുന്നത്.

നവംബർ ഇരുപതിനാണ് ദിനജ്പുർ ജില്ലയിലെ സെന്‍റ് ജോസഫ് കത്തോലിക്ക ദേവാലയത്തിൽ നിന്നും മുപ്പത്തിയെട്ടുകാരനായ ഫാ. ട്രിന്‍ഡാഡേ തീർത്ഥാടനം ആരംഭിച്ചത്. വിദേശ മിഷൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ ഫാ. ട്രിന്‍ഡാഡേയെ തദ്ദേശീയ കത്തോലിക്കരായ റിപൺ അൽബിനസ് ലക്രയും രഞ്ജൺ മിഞ്ചുമാണ് അനുഗമിക്കുന്നത്. ഡിസംബർ ഒന്നിന് ധാക്കയിലെ സഹരവാർഡി ഉദ്യാനില്‍ ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കുന്ന ബലിയിലും തൊട്ടടുത്ത ദിവസം നോട്ടർഡാം കോളേജിലെ യുവജന സംഗമത്തിലും പങ്കെടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

ആറ് മാസങ്ങൾക്ക് മുന്‍പാണ് സൈക്കിൾ തീർത്ഥാടനം എന്ന ആശയം മിഷൻ പ്രവർത്തനമായി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് ഫാ. ട്രിന്‍ഡാഡേ പറഞ്ഞു. യാത്രയിൽ കണ്ടുമുട്ടിയ നാനാ ക്രൈസ്തവ സമൂഹങ്ങളിൽ നിന്നുള്ളവരെ മാർപാപ്പയുടെ സന്ദർശനം അറിയിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരകണക്കിന് മൈലുകൾക്കപ്പുറത്ത് നിന്നും ബംഗ്ലാദേശിലേക്ക് തീർത്ഥാടനം നടത്തുന്ന പാപ്പയെപ്പോലെ തങ്ങളും സൈക്കിൾ സവാരി വഴി തീർത്ഥാടകരാകുകയാണെന്നു ഫാ. ട്രിന്‍ഡാഡേ പറഞ്ഞു. 2012 മുതൽ ബംഗ്ലാദേശിലെ സജീവ മിഷ്ണറി പ്രവർത്തകനാണദ്ദേഹം.

More Archives >>

Page 1 of 256