News
മ്യാന്മറില്‍ പാപ്പയുടെ ബലിയര്‍പ്പണം ചരിത്രമായി: പങ്കെടുത്തത് ഒന്നരലക്ഷത്തോളം ആളുകള്‍
സ്വന്തം ലേഖകന്‍ 30-11-2017 - Thursday
യാംഗൂണ്‍: നൂറ്റമ്പതോളം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കയിക്കാസന്‍ മൈതാനിയില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് ഒന്നരലക്ഷത്തോളം ആളുകള്‍. മ്യാന്മറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ചേര്‍ന്ന സംഗമമാണ് ഇന്നലെ നടന്നതെന്ന്‍ കത്തോലിക്ക മാധ്യമമായ യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യാംഗൂണിലെ മെത്രാസന മന്ദിരത്തില്‍ നിന്നും കാറില്‍ മൈതാനിയിലേക്ക് യാത്രയായ പാപ്പയെ കാണാന്‍ അക്രൈസ്തവര്‍ അടക്കം നൂറുകണക്കിനു ആളുകള്‍ വഴിയിലും തമ്പടിച്ചിരിന്നു.
മൈതാനിയിലെത്തിയ പാപ്പാ, കാറില്‍ നിന്ന് ജനങ്ങള്‍ക്കു പരസ്പരം കാണത്തക്കവിധം സജ്ജീകരിച്ചിട്ടുള്ള പോപ്പ് മൊബീലിലേക്ക്, മാറിക്കയറി ജനങ്ങളെ അഭിവാന്ദ്യം ചെയ്തു. തുടര്‍ന്നാണ് പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ പ്രവേശിച്ച് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. വിശുദ്ധ കുര്‍ബാനയില്‍ കര്‍ദ്ദിനാളുമാരും ബിഷപ്പുമാരും വൈദികരും അടക്കം നൂറ്റമ്പതോളം പേര്‍ സഹകാര്‍മ്മികരായി.
ദൈവീക രഹസ്യങ്ങളുടെ പരമ വ്യാഖ്യാതാവ് യേശുവാണെന്നും അവിടുന്ന് ജ്ഞാനത്തിന്‍റെ ആള്‍രൂപമാണെന്നും പാപ്പ ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സുദീര്‍ഘങ്ങളായ പ്രഭാഷണങ്ങളാലോ രാഷ്ട്രീയത്തിന്‍റെയോ ഭൗമികാധികാരത്തിന്‍റെയോ വന്‍ പ്രകടനങ്ങളാലോ അല്ല മറിച്ച് കുരിശില്‍ സ്വന്തം ജീവന്‍ നല്കിക്കൊണ്ടാണ് യേശു അവിടുത്തെ ജ്ഞാനം നമ്മെ പഠിപ്പിച്ചത്. ചിലപ്പോള്‍ നാം നമ്മുടെ തന്നെ ജ്ഞാനത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന കെണിയില്‍ വീണുപോയെന്നുവരും.
ഫലമോ നമുക്കു നമ്മുടെ ദിശാബോധം എളുപ്പത്തില്‍ നഷ്ടമാകും. അപ്പോഴൊക്കെ ക്രുശിതനില്‍ സുനിശ്ചിതമായ ഒരു വഴികാട്ടി നമുക്കുണ്ട് എന്ന് നാം ഓര്‍ക്കണം. നാം സൗഖ്യമാക്കപ്പെട്ടത് യേശു, പിതാവിന് സമര്‍പ്പിച്ച അവിടുത്തെ മുറിവുകളാലാണ്. എനിക്കറിയാം, മ്യന്മാറില്‍ നിരവധിപ്പേര്‍ അക്രമത്തിന്‍റെ ദൃശ്യവും അദൃശ്യവുമായ മുറിവുകള്‍ പേറുന്നവരാണ്. നമ്മുടെ ആകമാന സൗഖ്യത്തിന്‍റെ ഉറവിടം ക്രിസ്തുവിന്‍റെ മുറിവുകളില്‍ കണ്ടെത്താനുള്ള ജ്ഞാനം നമുക്കെന്നും ഉണ്ടാകട്ടെ! കോപത്തിലും പ്രതികാരത്തിലും നിന്ന് സൗഖ്യം ഉണ്ടാകുമെന്നു നാം ചിന്തിക്കുന്നു. പ്രതികാരത്തിന്‍റെ സരണി യേശുവിന്‍റേതല്ല. യേശുമാര്‍ഗ്ഗം മൗലികമായി വ്യത്യസ്തമാണ്.
വിദ്വേഷവും തിരസ്കരണവും പീഢാസഹനമരണങ്ങളിലേക്ക് യേശുവിനെ നയിച്ചപ്പോള്‍ അവിടന്നു പ്രതികരിച്ചത് മാപ്പു നല്‍കുകയും സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടാണ്. നമ്മുടെ ഹൃദയങ്ങളില്‍ ദൈവത്തിന്‍റെ സ്നേഹം ചൊരിയപ്പെട്ടിരിക്കുന്നത് പരിശുദ്ധാരൂപി വഴിയാണെന്നും പാപ്പ പറഞ്ഞു. ഇംഗ്ലീഷ്, ബര്‍മ്മീസ്, ലത്തീന്‍ എന്നീ മൂന്നു ഭാഷകളാണ് വിശുദ്ധ കുര്‍ബാനയില്‍ പാപ്പ ഉപയോഗിച്ചത്. തമിഴ്‍ ഉള്‍പ്പടെ 6 ഭാഷകളിലായിരുന്നു വിശ്വാസികളുടെ മറുപടി പ്രാര്‍ത്ഥന. വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനാശീര്‍വ്വാദത്തിനു മുമ്പ് യാംഗൂണ്‍ അതിരൂപതുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് മൗംഗ് ബൊ പാപ്പായ്ക്ക് നന്ദിപറഞ്ഞു. ഇന്ന്‍ പാപ്പ ബംഗ്ലാദേശിലേക്ക് തിരിക്കും.