News - 2025

പോളിഷ് സഭയെ പിന്തുടരുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ്: ട്വീറ്റുകള്‍ ഇനി ഇംഗ്ലീഷിലും

സ്വന്തം ലേഖകന്‍ 15-12-2017 - Friday

വാര്‍സോ: കത്തോലിക്കാ മൂല്യങ്ങള്‍ക്കനുസൃതമായി മുന്നേറിക്കൊണ്ടിരിക്കുന്ന പോളണ്ടിനെക്കുറിച്ചും രാജ്യത്തെ കത്തോലിക്കാ സഭയെക്കുറിച്ചും അറിയുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതിനെ തുടര്‍ന്നു സഭാനേതൃത്വത്തിന്റെ ട്വീറ്റുകള്‍ ഇനി ഇംഗ്ലീഷിലും ലഭ്യമാകും. ഇതിനായി പോളണ്ടിലെ മെത്രാന്‍ സമിതി ഇംഗ്ലീഷ് ഭാഷയില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു. പോളിഷ് സഭയെ പിന്തുടരുന്നവരുടെ എണ്ണത്തിലുള്ള വളര്‍ച്ചയെ തുടര്‍ന്നാണ് ഇംഗ്ലീഷ് ഭാഷയില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കുന്നതെന്ന് മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വക്താവായ ഫാ. പാവെല്‍ റൈട്ടേല്‍-ആന്‍ഡ്രിയനിക്ക് പറഞ്ഞു.

പോളണ്ടിലെ കത്തോലിക്കാ സഭയുടെ പ്രധാന പരിപാടികളുടെ വിവരങ്ങളും, മെത്രാന്‍ സമിതിയുടെ അറിയിപ്പുകളും, നിര്‍ദ്ദേശങ്ങളും, സഭയുടേയും മെത്രാന്‍ സമിതിയുടേയും പ്രധാനപ്പെട്ട വാര്‍ഷികങ്ങളുടെ വിവരങ്ങളുമായിരിക്കും ഈ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്യുക. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജന്മരാജ്യമെന്ന നിലയിലും, ക്രാക്കോവില്‍ വെച്ച് നടത്തിയ ലോക യുവജനദിനാഘോഷങ്ങളും പോളണ്ടിലെ കത്തോലിക്കാ സഭയെ വിദേശമാധ്യമങ്ങളുടെ ഇഷ്ടവിഷയമാക്കി മാറ്റുകയായിരിന്നുവെന്ന്‍ ഫാ. പാവെല്‍ പറഞ്ഞു.

മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ക്രിസ്തീയമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി പോളണ്ട് തങ്ങളുടെ ക്രിസ്തീയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഒക്ടോബറില്‍ പോളണ്ട് തീരപ്രദേശങ്ങളിലൂടെ ജപമാല റാലി നടത്തിയിരിന്നു. പോളണ്ടിലെ ക്രൈസ്തവ വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള അഭ്യേദമായ ബന്ധം, മതനിരപേക്ഷതയുടെ വക്താക്കളുടേയും അന്താരാഷ്ട്ര മാധ്യമങ്ങളുടേയും ശ്രദ്ധയെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്.

അതേസമയം ഭരണത്തിലിരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭ്രൂണഹത്യക്കെതിരായ തീരുമാനം, ഞായറാഴ്ചയിലെ വ്യാപാരങ്ങള്‍ക്കുള്ള നിരോധനം പോലെയുള്ള നടപടികള്‍ യൂറോപ്യന്‍ യൂണിയന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരിന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയനെ വീണ്ടും ക്രിസ്തീയവത്കരിക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് പോളണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായ മാറ്റ്യൂസ് മോറാവീക്കി കഴിഞ്ഞ ദിവസമാണ് പ്രസ്താവിച്ചത്.

More Archives >>

Page 1 of 261