News - 2025

ആഗോള ക്രൈസ്തവ സമൂഹത്തിന് ക്രിസ്തുമസ് ആശംസകളുമായി പലസ്തീന്‍ പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 19-12-2017 - Tuesday

ജെറുസലേം: ലോകമാസകലമുള്ള ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഇന്നലെ ജെറുസലേമില്‍ ക്രിസ്ത്യന്‍ സഭാ തലവന്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്റെ ആശംസകള്‍ അറിയിച്ചത്. ക്രിസ്തുമസ് ദിനങ്ങള്‍ എല്ലാവര്‍ക്കും സന്തോഷകരമായിരിക്കട്ടെയെന്നും, ലോകം മുഴുവനും സമാധാനവും സുരക്ഷിതത്വവുമുണ്ടാകട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് അദ്ദേഹം ക്രിസ്ത്യന്‍ സഭാതലവന്‍മാരെ സ്വീകരിച്ചത്.

ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള യു‌എസ് പ്രസിഡന്റിന്റെ പ്രസ്താവനയുടെ പിന്നിലെ ലക്ഷ്യം ചരിത്രത്തെ നിഷേധിക്കുകയെന്നതാണെന്ന്‍ മഹമൂദ് അബ്ബാസ് പറഞ്ഞു. ലോകവും, അന്താരാഷ്ട്ര നിയമങ്ങളും കിഴക്കന്‍ ജെറുസലേമിനെ പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കുന്നുണ്ട്. ജെറുസലേമിന്റേയും, അവിടുത്തെ ക്രിസ്ത്യന്‍-മുസ്ലീം ഉടമസ്ഥതയിലുള്ള പ്രദേശങ്ങളുടേയും സംരക്ഷണത്തിനായി സഭയുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും മഹമൂദ് അബ്ബാസ് കൂട്ടിച്ചേര്‍ത്തു.

ജെറുസലേമിനെ സംബന്ധിച്ച് നിയമപരമായും ചരിത്രപരമായും നിലവിലെ സ്ഥിതി തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ക്രിസ്ത്യന്‍ മുസ്ലീം പുണ്യസ്ഥലങ്ങളായ തിരുകല്ലറയുടെ ദേവാലയത്തേക്കുറിച്ചും അല്‍ അക്സാ പള്ളിയെക്കുറിച്ചും, ജോര്‍ദാനിലെ ഹാഷ്മൈറ്റ് ഭരണകൂടവുമായി നിരന്തരമായ ചര്‍ച്ചകള്‍ നടത്തേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പ്രസ്താവന നടത്തി. ജെറുസലേമിന്റെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഏകപക്ഷീയമായ നടപടികള്‍ ഒഴിവാക്കേണ്ടതാണെന്ന് ക്രിസ്ത്യന്‍ സഭകള്‍ അഭിപ്രായപ്പെട്ടു.

സഭാതലവന്‍മാരെ പ്രതിനിധീകരിച്ച് ഓര്‍ത്തഡോക്സ് സഭാ തലവന്‍ അഭിവന്ദ്യ പാത്രിയാര്‍ക്കീസ് തിയോഫോളോസ് ഒന്നാമനാണ് സംസാരിച്ചത്. വിശുദ്ധ നഗരം മൂന്നു മതങ്ങള്‍ക്കും ഉള്ളതാണെന്ന്‍ അദ്ദേഹം പറഞ്ഞു. പലസ്തീനിന്റെ സാമൂഹ്യാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിന് പ്രസിഡന്റ് മഹമൂദ് അബ്ബാസിനെ അദ്ദേഹം അഭിനന്ദിച്ചു. ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള പാതിരാ കുര്‍ബാനയില്‍ പങ്കെടുക്കുവാനും സഭാനേതൃത്വം പ്രസിഡന്റിനെ ക്ഷണിച്ചിട്ടുണ്ട്.


Related Articles »