News - 2024

ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഇരട്ടിയായി ഉയര്‍ന്നു

സ്വന്തം ലേഖകന്‍ 23-12-2017 - Saturday

ന്യൂഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ക്രമാതീതമായ വര്‍ദ്ധനവ്. ഇക്കാര്യം കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ച സിബിസിഐ സംഘത്തിന്റെ നിവേദനത്തിലാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2017ല്‍ രാജ്യത്തു ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളുടെ സംഖ്യ ഇരട്ടിച്ചതായാണു കണക്ക്. 2016-ല്‍ 441 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കു നേരേ ഉണ്ടായത്. 2017ലെ ആദ്യ ആറു മാസംകൊണ്ടുതന്നെ 410 ആക്രമണസംഭവങ്ങള്‍ ഉണ്ടായി. ഡിസംബര്‍ വരെ അറുന്നൂറിലേറെ അക്രമങ്ങള്‍ ഉണ്ടായതായി സിബിസിഐ സംഘത്തിന്റെ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരേ വ്യാപിക്കുന്ന അക്രമങ്ങളും ഭീഷണികളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ദി ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ഭാരതത്തിലെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന തീവ്രഹിന്ദുത്വ പ്രവര്‍ത്തകരുടെ പ്രവര്‍ത്തങ്ങളാണ് ചൂണ്ടിക്കാട്ടിയിരിന്നത്. ലോകത്തെ ഏറ്റവുമധികം മതവിദ്വേഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്ന് അമേരിക്കൻ സംഘടനയായ പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ എടുത്തുകാണിച്ചിരിന്നു.

മതവിദ്വേഷ നിലപാടിന്റെ കാര്യത്തില്‍ അയൽരാജ്യമായ പാക്കിസ്താൻ പത്താം സ്ഥാനത്തും അഫ്ഗാനിസ്താൻ എട്ടാം സ്ഥാനത്തുമാണെന്നതും ശ്രദ്ധേയമാണ്. ഓപ്പണ്‍ ഡോഴ്‌സ് എന്ന ആഗോള സന്നദ്ധസംഘടനയുടെ വേള്‍ഡ് വാച്ച് ലിസ്റ്റ് അനുസരിച്ച് ക്രൈസ്തവരുടെ അപായനിലയില്‍ ഇന്ത്യ 15ാം സ്ഥാനത്താണ്. കുരിശും ബൈബിളും പോലും വിലക്കിയിട്ടുള്ള സൗദി അറേബ്യക്കു തൊട്ടുപിന്നിലാണിത്. നാലു വര്‍ഷം മുന്പ് 31ാം സ്ഥാനത്തായിരുന്നു ഇന്ത്യ.


Related Articles »