News

അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മ്യാന്മറില്‍ പൊതു ക്രിസ്തുമസ് ആഘോഷം

സ്വന്തം ലേഖകന്‍ 02-01-2018 - Tuesday

യാംഗൂണ്‍: അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി മ്യാന്‍മറിലെ ക്രൈസ്തവസമൂഹം പൊതുവായി ക്രിസ്തുമസ് ആഘോഷിച്ചു. കത്തോലിക്ക സഭാ നേതൃത്വവും പ്രൊട്ടസ്റ്റന്റ് വിഭാഗവും സംയുക്തമായാണ് യാംഗൂണിലെ പൊതുനിരത്ത് ക്രിസ്തുമസ് കൊണ്ടാടിയത്. ഉന്നത അധികാരികളില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഡിസംബര്‍ 23-25 തീയതികളിലായി പൊതു ക്രിസ്തുമസ് ആഘോഷം തുറസ്സായ സ്ഥലത്തു സംഘടിപ്പിച്ചത്. 2017-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിച്ചതിന്റെ ആദരസൂചകമായിട്ടാണ് ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചത്.

പാപ്പയുടെ സന്ദര്‍ശനത്തിനുള്ള നന്ദിയായി സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്താന്‍ യാംഗൂണ്‍ മുഖ്യമന്ത്രി ഫ്യോ മിന്‍ തീനും മേയര്‍ എം‌ജി സോയെയും അനുമതി നല്‍കുകയായിരിന്നു. ഡിസംബര്‍ 23നു പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തിലുള്ള മെത്തഡിസ്റ്റ് ദേവാലയത്തില്‍ ആരംഭിച്ച ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ യാംഗൂണിലെ സാന്‍റ മരിയ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ആരാധനയോടെയാണ് സമാപിച്ചത്.

രാജ്യത്തില്‍ സമാധാനവും സന്തോഷവും കൈവരിക്കുവാന്‍ ഓരോ വ്യക്തികളും തങ്ങള്‍ക്കാവുന്ന വിധത്തില്‍ സംഭാവനകള്‍ നല്‍കണമെന്ന് അതിരൂപത സഹായമെത്രാന്‍ ജോണ്‍ സോ ഹാന്‍ പറഞ്ഞു. മ്യാന്‍മറില്‍ വളര്‍ന്നുവരുന്ന മതസ്വാതന്ത്ര്യത്തിന്റെ സൂചനയായിട്ടാണ് ഇതിനെ നോക്കി കാണുന്നതെന്ന്‍ വൈദികനായ ഫാ. ജോര്‍ജ്ജ് പറഞ്ഞു.

കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഇത്രയും ആഹ്ലാദഭരിതമായ ക്രിസ്തുമസ് കൊണ്ടാടിയിട്ടില്ലായെന്നു പലരും സാക്ഷ്യപ്പെടുത്തി. വരും വര്‍ഷങ്ങളിലും സമാനമായ വിധത്തില്‍ യാംഗൂണില്‍ ക്രിസ്തുമസ് ആഘോഷിക്കപ്പെടുമെന്നു മുഖ്യമന്ത്രി ഫ്യോ മിന്‍ തീന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 2014-ലെ സെന്‍സസ് പ്രകാരം മ്യാന്മാറിലെ 51.4 മില്യണ്‍ ജനസംഖ്യയില്‍ 3 മില്യണ്‍ ക്രൈസ്തവ വിശ്വാസികളാണുള്ളത്.


Related Articles »