News - 2024

തെക്കൻ യൂറോപ്യന്‍ രാജ്യമായ ബോസ്നിയയില്‍ നിന്നു ക്രൈസ്തവര്‍ പലായനം ചെയ്യുന്നു

സ്വന്തം ലേഖകന്‍ 06-01-2018 - Saturday

സരജെവോ: രൂക്ഷമായ ന്യൂനപക്ഷ വിവേചനത്തെ തുടർന്ന് തെക്കൻ യൂറോപ്യന്‍ രാജ്യമായ ബോസ്നിയ ഹെർസെഗോവിനായിൽ നിന്നും പതിനായിരകണക്കിന് കത്തോലിക്ക വിശ്വാസികള്‍ ഓരോ വർഷവും പലായനം ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. വ്രഹ്ബോസ്ന ആര്‍ച്ച് ബിഷപ്പായ കർദ്ദിനാൾ വിങ്കോ പുൽജിക് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിശ്വാസികളുടെ പലായനത്തിലെ ആശങ്ക കത്തോലിക്ക സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡുമായി പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം. ഭവനഭേദവും കൊള്ളയും ആക്രമണവും രൂക്ഷമായതിനെ തുടർന്നു രാജ്യത്തെ ക്രൈസ്തവ ജനസംഖ്യയുടെ നല്ലൊരു ഭാഗം പലായനം ചെയ്തെന്ന്‍ കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി.

1992-95 കാലഘട്ടത്തിലെ യുദ്ധകെടുതിയിൽ രണ്ടര ലക്ഷത്തോളം കത്തോലിക്കരാണ് അഭയാർത്ഥികളായത്. ഇത് രാജ്യത്തെ ആകെ കത്തോലിക്ക വിശ്വാസികളുടെ പകുതിയോളമായിരിന്നു. കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാൻ രാഷ്ട്രീയവും സാമ്പത്തികവുമായ യാതൊരു പിന്തുണയും ക്രൈസ്തവ സമൂഹത്തിനു ലഭിക്കുന്നില്ല. 1995 ൽ സ്ഥാപിച്ച ഡേറ്റണ്‍ സമാധാന ഉടമ്പടി നടപ്പിലാക്കാത്തതിൽ കത്തോലിക്ക ന്യൂനപക്ഷമാണ് വിഷമിക്കുന്നത്. അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ട ക്രൈസ്തവരുടെ ഭാവി അനിശ്ചിതത്തിലാണ്.

മക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനെന്ന ചിന്തയോടെയാണ് ക്രൈസ്തവര്‍ പലായനം ചെയ്യുന്നത്. മാധ്യമങ്ങളുടെ തെറ്റായ വ്യാഖ്യാനം സ്ഥിതിഗതികൾ മോശമാക്കി. പ്രാദേശിക സമൂഹത്തിന് നല്കുന്ന പരിഗണനയും ജോലി അവസരങ്ങളും ക്രൈസ്തവർക്ക് നിഷേധിക്കപ്പെടുന്നു. അതേസമയം സഭയുടെ നേതൃത്വത്തിൽ വിശ്വാസികൾക്ക് ധൈര്യവും പ്രതീക്ഷയും പകർന്ന് നല്‍കുന്നുണ്ടെന്നും അതിനായി പ്രാർത്ഥനാശുശ്രൂഷകൾ ആരംഭിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ പുൽജിക് പറഞ്ഞു. 2013-ലെ സെന്‍സസ് പ്രകാരം ഇസ്ളാമിക ഭൂരിപക്ഷ രാജ്യമാണ് ബോസ്നിയ.


Related Articles »