News

ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് റഷ്യന്‍- ഈജിപ്ഷ്യന്‍ പ്രസിഡന്‍റുമാര്‍

സ്വന്തം ലേഖകന്‍ 08-01-2018 - Monday

മോസ്ക്കോ/ കെയ്റോ: പ്രാര്‍ത്ഥനാപൂര്‍വ്വമായ തയാറെടുപ്പുകള്‍ക്ക് ഒടുവില്‍ ഓർത്തഡോക്സ് സമൂഹം ഇന്നലെ ക്രിസ്തുമസ് ആഘോഷിച്ചു. ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവർക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് അതീവ സുരക്ഷ ക്രമീകരണങ്ങളോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷകൾ നടത്തിയത്. സാധാരണഗതിയില്‍ ലോകമെമ്പാടും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25നു ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക് സമൂഹവും റഷ്യന്‍ സഭയും അടക്കമുള്ള ഓര്‍ത്തഡോക്സ് വിഭാഗം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുന്നത്.

റഷ്യൻ പ്രസിഡൻറ് വ്ലാഡിമര്‍ പുടിന്‍ സെന്റ് പീറ്റേഴ്സ്ബർഗ്ഗ് ദേവാലയത്തിൽ നടന്ന ദിവ്യബലിയിൽ പങ്കെടുത്തു. ഓരോ വിശ്വാസികളെയും സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് പ്രതീക്ഷയും ആനന്ദവും നല്‍കുന്ന അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയ ആഘോഷങ്ങൾ പൈതൃകമായി ക്രൈസ്തവർ കൈമാറി വരുന്ന മൂല്യങ്ങളാണ്. സമൂഹത്തിന്റെ വളർച്ചയ്ക്കും സാമൂഹിക അഭിവൃദ്ധിയ്ക്കും സംഭാവന നല്കിയവരാണ് ക്രൈസ്തവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റഷ്യൻ ഓർത്തഡോക്സ് സഭാതലവൻ പാത്രിയർക്കീസ് കിറില്‍ മോസ്കോയിൽ നടത്തിയ ക്രിസ്തുമസ് ശുശ്രൂഷകളിൽ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് ക്രിമിയ ഉൾപ്പെടെ നിരവധി പ്രമുഖരും ആയിരകണക്കിനു വിശ്വാസികളും പങ്കെടുത്തു. ബഹിരാകാശ നിലയത്തില്‍ തുടരുന്ന ബഹിരാകാശ ശാസ്ത്രജ്ഞന്മാരായ മിസുർക്കിനും ആന്റൺ ഷക്കപളോവിനും പാത്രിയാർക്കീസ് കിറില്‍ ക്രിസ്തുമസ് ആശംസകൾ അയച്ചു.

ഈജിപ്ഷ്യൻ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ തവദ്രോസ് രണ്ടാമന്‍ നേതൃത്വം നല്കിയ ദിവ്യബലിയിൽ മുസ്ലിം വിശ്വാസിയും പ്രസിഡന്റുമായ അബ്ദേൽ ഫത്താ അൽസിസി പങ്കെടുക്കുവാന്‍ എത്തിയെന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തെ പരിഗണിച്ചാണ് വിശ്വാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം ദേവാലയത്തില്‍ എത്തിയത്. പാലസ്തീനിലെ ദേവാലയത്തിലും പോലീസ് സഹായത്തോടെ ക്രിസ്തുമസ് പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. ശുശ്രൂഷകള്‍ക്ക് പാത്രിയർക്കീസ് തിയോഫിലസ് മൂന്നാമൻ മുഖ്യകാര്‍മ്മികത്വം വഹിച്ചു.


Related Articles »